
തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ. നിലവിലെ എൻഎസ്എസ് നേതൃത്വത്തിൽ ജനാധിപത്യപരമായ പ്രവർത്തനങ്ങൾ ഇല്ലെന്നും സംഘടന ചില ‘ഇത്തിൾക്കണ്ണികളുടെ’ നിയന്ത്രണത്തിലാണെന്നും ഗണേഷ് കുമാർ ആരോപിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ ലക്ഷ്യമിട്ടായിരുന്നു ഗണേഷ് കുമാറിന്റെ പ്രസംഗം. എന്നാൽ പേരെടുത്ത് പറയാൻ ഗണേഷ് കുമാർ തയ്യാറായില്ല.
തിരുവനന്തപുരം സ്റ്റാച്യുവിലെ മന്നം ക്ലബ്ബിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ഗണേഷ് കുമാറിന്റെ വിമർശനം. എൻഎസ്എസിൽ ഇന്ന് ഒട്ടും ജനാധിപത്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സംഘടനയുടെ പ്രവർത്തനരീതിയെയും നേതൃത്വത്തെയും വിമർശിച്ച ഗണേഷ് കുമാർ, കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
എൻഎസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റപ്പെട്ടതിന് പിന്നാലെ ഗണേഷ് കുമാർ സംഘടനാ നേതൃത്വത്തിനെതിരെ നേരത്തെയും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, നേതൃത്വത്തിനെതിരെ ഇത്രയും രൂക്ഷമായ ഭാഷയിൽ പരസ്യമായി പ്രതികരിക്കുന്നത് ഇതാദ്യമായാണ്.
ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ:
'ഒരു പദവിയിൽ ഇരിക്കുമ്പോൾ അതനുസരിച്ച് ചിന്തിക്കണം. മന്നത്ത് ആചാര്യനിരുന്ന കസേരയിൽ ഇരിക്കുമ്പോൾ അതിനെ കുറിച്ച് ചിന്തിക്കണം. ആരിരുന്ന കസേരയാണെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന് തോന്നിക്കുന്ന തരത്തിൽ പെരുമാറരുത്. ശുനകനാണെന്നുള്ള ഓർമയില്ലെങ്കിലും കനകസിംഹാസനത്തിലാണ് ഇരിക്കുന്നതെന്ന ഓർമ എല്ലാവർക്കും നല്ലതാണ്.'
മന്നത്ത് ആചാര്യനും ശബരിമല അയ്യപ്പനും വേണ്ടി സമരം ചെയ്യുന്നത് അഭിമാനമാണ്. എന്നാൽ ഇത്തരം ഇത്തിൾക്കണ്ണികൾക്കുവേണ്ടി നായർ സമുദായാംഗങ്ങൾ തെരുവിലിറങ്ങുന്നത് ഈ സമുദായത്തിനും അതിന്റെ മന്നത്ത് ആചാര്യനും സഹിക്കാൻ കഴിയാത്ത കാര്യമാണ്. എൻഎസ്എസ്സിൽ നടക്കുന്ന ഏറ്റവും വലിയ അഴിമതി സ്വജനപക്ഷപാതമാണ്. ഒരാൾ തന്റെ കുടുംബത്തിൽ നിന്ന് മാത്രം 43 പേരെ ജോലിക്ക് വെച്ചു.
'എൻഎസ്എസ് എന്തുകൊണ്ട് മെഡിക്കൽ കോളേജ് തുടങ്ങിയില്ല? മെഡിക്കൽ കോളേജിലെ തൂപ്പുജോലിക്ക് കേറാൻ പോലും യോഗ്യതയുള്ളവർ ഈ വ്യക്തിയുടെ കുടുംബത്തിൽ ഇല്ലാത്തതുകൊണ്ടാണത്. അല്ലാതെ എൻഎസ്എസ്സിന് പണമില്ലാത്തതുകൊണ്ടല്ല. ഒരു ഐടി പാർക്ക് തുടങ്ങി സമുദായത്തിലെ യുവതീയുവാക്കൾക്ക് ജോലി കൊടുക്കാൻ എൻഎസ്എസ് ശ്രമിച്ചില്ല. പകരം ചായക്കട തുടങ്ങിക്കോളാനാണ് പറഞ്ഞത്. തിരുവനന്തപുരത്തെ പ്രമുഖ നായർ നേതാക്കന്മാരൊക്കെ ഇപ്പോൾ ചായക്കട നടത്തുകയാണ്.' -ഗണേഷ് കുമാർ തുറന്നടിച്ചു.
ഗണേഷ് കുമാറിന്റെ പുതിയ പരാമർശങ്ങൾ എൻഎസ്എസിനുള്ളിലെ സംഘടനാ തർക്കം വീണ്ടും ചർച്ചയാക്കുകയാണ്. അദ്ദേഹത്തിന്റെ ആരോപണങ്ങളോട് എൻഎസ്എസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.










