
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ കെ.ബി. ഗണേഷ് കുമാർ വീണ്ടും രംഗത്ത്. എൻ.എസ്.എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈകളിൽനിന്ന് രക്ഷിക്കണമെന്നും സംഘടനയെ ‘എം.എസ്.എസ്’ അഥവാ ‘മക്കൾ സർവീസ് സൊസൈറ്റി’ ആക്കി മാറ്റാനാണ് ശ്രമമെന്നും ഗണേഷ് കുമാർ ആരോപിച്ചു.
ബന്ധുക്കൾക്ക് ജോലി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒരു ലീഗ് മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചതെന്നും ഗണേഷ് കുമാർ ആരോപിച്ചു. കോൺഗ്രസ് മന്ത്രിമാരെ ഇതേ രീതിയിൽ സ്വീകരിക്കാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ചെറിയ നേട്ടങ്ങൾ കണ്ട് നായന്മാർ വീണുപോകരുതെന്നും ഭാര്യമാർക്കും മക്കൾക്കും ജോലി നൽകി ആളുകളെ അടിമകളാക്കുകയാണ് സുകുമാരൻ നായരെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി.
മന്നത്ത് അനുസ്മരണ പരിപാടികളിൽ മുസ്ലിം പണ്ഡിതരെയോ സമുദായ നേതാക്കളെയോ ക്ഷണിക്കുമോയെന്നും ഗണേഷ് കുമാർ ചോദിച്ചു. ചങ്ങനാശേരിയിലെ ചന്ദനക്കുടം നേർച്ച നിർത്താൻ ഇടപെട്ടത് സുകുമാരൻ നായരാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം മുസ്ലിം സമുദായത്തോട് തനിക്ക് സ്നേഹമാണെന്ന് പറയുന്നത് ടെലിവിഷനിലൂടെ കാണുമ്പോൾ ഇരട്ടത്താപ്പ് വ്യക്തമാകുന്നുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
അമൃതാനന്ദമയിയമ്മയെ ജാതിയുടെ പേരിൽ അധിക്ഷേപിച്ച വ്യക്തിയാണ് സുകുമാരൻ നായരെന്നും ഗണേഷ് കുമാർ ആരോപിച്ചു. അതേ അമ്മയുടെ കോളേജിലാണ് അദ്ദേഹത്തിന്റെ കൊച്ചുമകൻ എം.ടെക് പഠിക്കുന്നതെന്നും പഠനം പൂർത്തിയാക്കിയാൽ പാലക്കാട് എൻജിനീയറിങ് കോളേജിൽ ജോലി ലഭിക്കുമെന്നും അദ്ദേഹം ആരോപണമുന്നയിച്ചു.
ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാനുമായി സുകുമാരൻ നായരെ താരതമ്യം ചെയ്ത ഗണേഷ് കുമാർ, എൻ.എസ്.എസിലെ പല താലൂക്ക് യൂണിയൻ സെക്രട്ടറിമാരുടെയും അവസ്ഥ സിനിമയിലെ ഹരിശ്രീ അശോകന്റെ കഥാപാത്രത്തെ പോലെയാണെന്നും പരിഹസിച്ചു.
ജനാധിപത്യത്തിൽ വിശ്വാസമുണ്ടെങ്കിൽ ഹൈറേഞ്ച് ഉൾപ്പെടെയുള്ള മേഖലകളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ഔദ്യോഗിക പാനലിനെതിരെ വോട്ട് ചെയ്യാൻ അംഗങ്ങൾ ധൈര്യം കാണിക്കണമെന്നും സ്ത്രീകൾ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്യുന്നവരെ ചോദ്യം ചെയ്യാനും അംഗങ്ങൾ തയ്യാറാകണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
മന്നം സമാധി എല്ലാവർക്കുമായി തുറന്നുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻപ് എ.കെ. ആന്റണിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഷൂസ് ധരിച്ച് സമാധിയിൽ പ്രവേശിച്ചുവെന്ന കാരണത്താൽ സുകുമാരൻ നായർ ആന്റണിയെ അധിക്ഷേപിച്ച സംഭവവും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.










