
കൊട്ടാരക്കര: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കൊട്ടാരക്കര എൻ.എസ്.എസ് താലൂക്ക് യൂണിയൻ. എൻ.എസ്.എസ് നേതൃത്വത്തെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും ഗണേഷ് കുമാർ പരസ്യമായി വിമർശിച്ചതിനെതിരെയാണ് യൂണിയൻ പ്രതിഷേധ പ്രമേയം പാസാക്കിയത്. യൂണിയൻ അംഗം ജി. തങ്കപ്പൻ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്.
എൻ.എസ്.എസിന്റെ പിന്തുണയോടെയാണ് ആർ. ബാലകൃഷ്ണപിള്ളയുടെ കുടുംബം അധികാരസ്ഥാനങ്ങളിലെത്തിയതെന്ന് പ്രമേയത്തിൽ ആരോപിച്ചു. ബാലകൃഷ്ണപിള്ള അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ആശ്വാസമായത് ജി. സുകുമാരൻ നായരുടെ ഇടപെടലുകളായിരുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് താൽപര്യമില്ലാതിരുന്നിട്ടും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കുന്നതിൽ സുകുമാരൻ നായർ നിർണായക പങ്കുവഹിച്ചെന്നും ആരോപണമുണ്ട്.
ഗണേഷ് കുമാർ സദാചാരവിരുദ്ധവും സംസ്കാരശൂന്യവുമായ നിലപാടുകൾ സ്വീകരിച്ചുവെന്ന ഗുരുതര ആരോപണവും പ്രമേയത്തിലുണ്ട്. മൂന്ന് വർഷത്തോളം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായിരിക്കെ സനാതന ധർമത്തിനും ഹൈന്ദവ ആചാരങ്ങൾക്കും വിരുദ്ധമായ രീതിയിൽ മറ്റൊരു മതത്തിൽ വിശ്വസിക്കുകയും ആരാധന നടത്തുകയും ചെയ്തെന്നാണ് ആരോപണം. ഇത്തരം നടപടികളാണ് പത്തനാപുരത്തെ അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമായതെന്നും പൊതുസമൂഹം ഇത് വിലയിരുത്തിയിട്ടുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.
എൻ.എസ്.എസിന്റെ ഉന്നതാധികാര സമിതിയിൽനിന്ന് ഗണേഷ് കുമാർ പുറത്തായത് സംഘടനയുടെ ദൈവീകത കൊണ്ടാണെന്നും പ്രമേയത്തിൽ പരാമർശിക്കുന്നു. പത്തനാപുരം താലൂക്ക് യൂണിയൻ ഭരണം എൻ.എസ്.എസ് ആസ്ഥാനം ഏറ്റെടുക്കേണ്ടിവന്ന സാഹചര്യത്തെ ഗണേഷ് കുമാർ വികലമായി ചിത്രീകരിക്കുകയാണെന്നും കൊട്ടാരക്കര താലൂക്ക് യൂണിയൻ ആരോപിച്ചു.
സമുദായത്തെയും നേതൃത്വത്തെയും അവഹേളിക്കുന്ന ഗണേഷ് കുമാറിന് എൻ.എസ്.എസ് കരയോഗത്തിൽ അംഗമായി തുടരാൻ അവകാശമില്ലെന്നും അദ്ദേഹം ഉടൻ രാജിവെക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്കിലെ 150 കരയോഗങ്ങളും എൻ.എസ്.എസ് നേതൃത്വത്തിനും ജി. സുകുമാരൻ നായർക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും യൂണിയൻ വ്യക്തമാക്കി.
എൻ.എസ്.എസിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഗണേഷ് കുമാറിനെപ്പോലുള്ളവരുടെ ഭാഗത്തുനിന്നുണ്ടായാൽ അതൊരിക്കലും അനുവദിക്കില്ലെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും താലൂക്ക് യൂണിയൻ അറിയിച്ചു.










