
തിരുവനന്തപുരം: താൻ രാജിവെക്കും എന്ന പ്രതീക്ഷയിൽ ആരും പിന്നാലെ നടക്കേണ്ടതില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. അത്തരമൊരു ആഗ്രഹം വെക്കുന്നത് ശരിയാണോ എന്നും തിരുവനന്തപുരം കോട്ടയ്ക്കകത്തെ കെഎസ്ആർടിസി ആസ്ഥാനത്ത് സ്ഥാപിച്ച കെഎസ്ആർടിസി മെഡിക്കൽ സെന്റർ ആൻഡ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി ചോദിച്ചു. മന്ത്രിസഭയ്ക്ക് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് കാലാവധി ബാക്കിയുള്ളതെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മന്ത്രിമാർക്ക് പ്രത്യേക വിലയൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
“എന്നെ ജനങ്ങൾ വ്യക്തിപരമായി സ്നേഹിക്കുന്നുണ്ട്. അവരെ വിദ്വേഷിപ്പിക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. എന്റെ ചോര വേണമെങ്കിൽ ഒരു കത്തി കൊടുത്താൽ കൈ മുറിച്ച് തരാം; അതു കുടിച്ചോളൂ. ഇന്ന് ഞാൻ രാജിവെക്കും എന്ന് ചിലർ കരുതിയിരുന്നു. അത് നടന്നില്ല. അത്തരം സന്തോഷം പ്രതീക്ഷിച്ച് നടക്കേണ്ട,” എന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കോട്ടയ്ക്കകത്തെ ആസ്ഥാന മന്ദിരത്തിന് സമീപം ഏകദേശം ഒരു കോടി രൂപ ചെലവിട്ട് ഡയാലിസിസ് സൗകര്യമുള്ള ആശുപത്രിയാണ് സജ്ജമാക്കിയിരിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരും പെൻഷൻകാരും മാത്രമല്ല പൊതുജനങ്ങൾക്കും ചികിത്സ ലഭ്യമാകുന്ന രീതിയിലാണ് പുതിയ മെഡിക്കൽ സെന്റർ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹായത്തോടെയാണ് ക്ലിനിക് വിപുലീകരിച്ചത്. അഞ്ച് ഡയാലിസിസ് യൂണിറ്റുകൾ ഐഒസി നൽകും.
ജനറൽ മെഡിസിൻ, കാർഡിയോളജി, ഓങ്കോളജി, ഓർത്തോപീഡിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ്, ന്യൂറോളജി, നെഫ്രോളജി, സൈക്യാട്രി, ഡെർമറ്റോളജി തുടങ്ങിയ വിഭാഗങ്ങളിൽ ഒപി സേവനങ്ങൾ ലഭ്യമാകും.
ജീവനക്കാർക്കും പെൻഷൻകാർക്കും കൺസൾട്ടേഷൻ സൗജന്യമായിരിക്കുമ്പോൾ പൊതുജനങ്ങൾക്ക് സ്പെഷാലിറ്റി ഡോക്ടർമാർക്ക് 100 രൂപയും നോൺ-സ്പെഷാലിറ്റി ഡോക്ടർമാർക്ക് 50 രൂപയും നിരക്കായിരിക്കും. ലാബ് പരിശോധനകൾക്ക് പ്രത്യേക ഡിസ്കൗണ്ടും ഡയാലിസിസ് കുറഞ്ഞ നിരക്കിലും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ലാബ് സൗകര്യം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ സഹകരണത്തോടെയും സ്പെഷാലിറ്റി മെഡിക്കൽ സേവനങ്ങൾ ശ്രീമൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെയുമാണ് ഒരുക്കിയിരിക്കുന്നത്.











