
തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസ് വിവാദത്തിൽ. 18 വയസ് തികയുന്നതിന് മുമ്പ് തന്നെ മോട്ടോർവാഹനവകുപ്പ് ഗണേഷ് കുമാറിന് ഡ്രൈവിംഗ് ലൈസൻസ് നൽകിയിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 1966 മേയ് 25-ന് ജനിച്ച അദ്ദേഹത്തിന് 1984 ഫെബ്രുവരി 13-ന് തിരുവനന്തപുരം ആർ.ടി. ഓഫീസിൽ നിന്നാണ് ലൈസൻസ് ലഭിച്ചത്. ഇതനുസരിച്ച് ലൈസൻസ് ടെസ്റ്റിന് ഹാജരാകുമ്പോൾ ഗണേഷ്‌കുമാറിന് 17 വയസ്സും എട്ട് മാസവും മാത്രമായിരുന്നു പ്രായമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
ലൈസൻസിൽ നൽകിയ ജനനത്തീയതിയാണ് പിന്നീട് നിയമസഭാ രേഖകളിലും ഉൾപ്പെടുത്തിയിട്ടുള്ളത്. 2023 ഡിസംബറിൽ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായ ഗണേഷ്‌കുമാർ, 2024 നവംബർ 4-ന് ലൈസൻസ് പുതുക്കുമ്പോൾ സെക്രട്ടേറിയറ്റ് വിലാസമാണ് രേഖപ്പെടുത്തിയിരുന്നത്.
നിയമപ്രകാരം 18 വയസ് തികയുന്നതിന് മുമ്പ് നൽകിയ ലൈസൻസ് അസാധുവാണ്. അത്തരം സാഹചര്യത്തിൽ ലൈസൻസ് റദ്ദാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വ്യക്തിയിൽ നിന്ന് വിശദീകരണം തേടേണ്ടതാണ്. എന്നാൽ പലതവണ പുതുക്കൽ നടന്നിട്ടും ജനനത്തീയതിയും ലൈസൻസ് നൽകിയ തീയതിയും തമ്മിൽ പൊരുത്തം പരിശോധിക്കാൻ മോട്ടോർവാഹനവകുപ്പ് നടപടി സ്വീകരിച്ചിരുന്നില്ലെന്നാണ് കണ്ടെത്തൽ.










