12:44pm 12 November 2026
NEWS
കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരണം
29/12/2025  07:03 PM IST
nila
 കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരണം

തിരുവനന്തപുരം കഴക്കൂട്ടത്തെ നാലുവയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരണം. കുട്ടിയുടെ കഴുത്തിൽ മുറുക്കിയ പാടുകളും പരിക്കുകളും കണ്ടെത്തിയതോടെ സംശയങ്ങൾ ശക്തമായിരുന്നു. കുട്ടിയുടെ കഴുത്തിനേറ്റ പരിക്കാണ് മരണകാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഭക്ഷണം കഴിച്ച് ഉറങ്ങുകയായിരുന്നു കുട്ടി, പിന്നീട് ഉണർന്നില്ലെന്നാണ് അമ്മ മുന്നി ബീഗം ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ പരിശോധനയിൽ കണ്ടെത്തിയ പരിക്കുകൾ കേസ് മറ്റൊരു ദിശയിലേക്ക് തിരിച്ചു.

പശ്ചിമബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദറിനെ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്ത് വന്നത്. ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അന്വേഷണ സംഘം ഉടൻ ഇടപെട്ടു. കുട്ടിയുടെ അമ്മയെയും ആൺസുഹൃത്തായ തൻബീർ ആലമിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകമാണെന്ന കണ്ടെത്തലിനെ തുടർന്ന് ഇരുവരുടെയും പങ്ക് വ്യക്തമാക്കാൻ വിശദമായ ചോദ്യം ചെയ്യലും അന്വേഷണവും പുരോഗമിക്കുകയാണ്.

രണ്ടാഴ്ച മുമ്പാണ് മുന്നിയും കുട്ടികളും ഇവിടെ താമസം ആരംഭിച്ചത്. ഒന്നര വയസ്സുള്ള ഇളയ കുഞ്ഞും ഇവരോടൊപ്പം ഉണ്ടായിരുന്നു. രണ്ടുമാസം മുൻപും ഇതേ ലോഡ്ജിൽ ഇവർ താമസിച്ചിരുന്നതായി വിവരം. ഭർത്താവുമായി തർക്കം ഉണ്ടായതിനെ തുടർന്നാണ് ഇവർ ആലുവയിൽ നിന്ന് ഇവിടെ എത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. താമസിച്ചിരുന്ന സ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ചോദ്യം ചെയ്തതിനു ശേഷം തൻബീർ ആലമിന്റെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്താനാണ് സാധ്യത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img