വൈറലായ ചോദ്യത്തിന് ഉത്തരം കിട്ടി
പ്രതിഷേധവുമായി മനുഷ്യാവകാശപ്രവര്‍ത്തകര്‍

കായ്ല മുള്ളറെ ഐ.എസുകാര്‍ ബന്ദിയാക്കുമ്പോള്‍ പ്രായം 26 ആയിരുന്നു. തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ സേവനം ചെയ്യാനായി 2013 ഓഗസ്റ്റില്‍ കായ്ല എത്തിയപ്പോഴാണു ആലെപ്പോയില്‍ ബന്ധിയാക്കപ്പെട്ടത്
കായ്‌ല മുള്ളര്‍ എന്നുവെച്ചാല്‍ എന്താണ്? അന്താരാഷ്ട്രമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും കഴിഞ്ഞ രണ്ടുദിവസമായി ചോദിക്കുന്ന ചോദ്യമിതാണ്. ഭീകരാക്രമണത്തിലൂടെ ഒട്ടേറെ
നിരപരാധികളെ കൊന്നൊടുക്കിയ ഐ.എസ്. തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വകവരുത്തിയ ഓപ്പറേഷന് യു.എസ്. സര്‍ക്കാര്‍ നല്‍കിയ ഓമനപ്പേരാണ് കായ്ല മുള്ളര്‍. ഐ.എസ്. ബന്ദികളായിരിക്കെ കൊല ചെയ്യപ്പെട്ട യു.എസ്. പൗരയായ മനുഷ്യാവകാശ പ്രവര്‍ത്തകയുടെ സ്മരണയിലാണു സൈനിക നടപടിക്ക് ഈ പേര് നല്‍കിയതെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേശകന്‍ റോബര്‍ട്ട് ഒബ്രീന്‍ പറഞ്ഞു. ആസിറിയയില്‍ നടത്തിയ സൈനിക നടപടിക്കൊടുവില്‍, ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണു ലോകത്തോടു വെളിപ്പെടുത്തിയത്. ഞാന്‍ സഹനത്തിലാണു ദൈവത്തെ കണ്ടെത്തുന്നത് എന്നു പറഞ്ഞിരുന്ന കായ്ല മുള്ളറെ ഐ.എസുകാര്‍ ബന്ദിയാക്കുമ്പോള്‍ പ്രായം 26 ആയിരുന്നു. തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ സേവനം ചെയ്യാനായി 2013 ഓഗസ്റ്റില്‍ കായ്ല എത്തിയപ്പോഴാണു ആലെപ്പോയില്‍ ബന്ധിയാക്കപ്പെട്ടത്.
കായ്‌ല മുള്ളര്‍ ഇതായിരുന്നു - ചെറുപ്പം മുതല്‍ ഒട്ടേറെ സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു അരിസോണ സ്വദേശിയായ കായ്‌ല. നന്നായി പ്രസംഗിക്കും. താന്‍ സ്‌കൂളില്‍ സമയം പാഴാക്കേണ്ടവളല്ലെന്ന് കായ്ലയ്ക്കു തോന്നിയിരുന്നു. ഔപചാരികമായി ജോലികള്‍ക്കു മറ്റും ഡിഗ്രി യോഗ്യതയായതിനാല്‍ പഠനം ഒരുവിധം പൂര്‍ത്തിയാക്കി. അനാഥാലയങ്ങളില്‍ സേവനം ചെയ്യാനായി 2009 ഡിസംബറില്‍ കായ്‌ല ഇന്ത്യയിലേക്കു തിരിച്ചു. കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ പറ്റാതിരുന്നതിനാല്‍ സഞ്ചാരം തുടര്‍ന്നു. ടിബറ്റന്‍ അഭയാര്‍ഥികളെ ഇംഗ്ലിഷ് പഠിപ്പിക്കുന്നതിലായി അടുത്ത ശ്രദ്ധ. പിന്നീട് ഇസ്രയേല്‍, പലസ്തീന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പലസ്തീനില്‍ നിന്നും വീട്ടിലേക്കു പോകവേ കണ്ടുമുട്ടിയ സിറിയക്കാരന്‍ കായ്ലയുടെ മനസ്സിലുടക്കി. അയാള്‍ പങ്കുവച്ചവിവരങ്ങളാണ് സിറിയയിലേക്കു പോകാനുള്ള ആഗ്രഹമുണ്ടാക്കിയത്. സിറിയയില്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊണ്ടവേളയില്‍ അഭയാര്‍ഥികളെ സഹായിക്കാനായി കായ്ല എത്തി. ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെടുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്ത സ്ത്രീകളെ ശാക്തീകരിക്കാനായി സംഘടന രൂപീകരിച്ചു. പക്ഷേ, വിധി അവള്‍ക്ക് മറ്റൊന്നാണ് കരുതിവെച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ബാഗ്ദാദി കൊല്ലപ്പെടുമ്പോള്‍ ആ ഓപറേഷന് കായ്‌ലയുടെ പേരുവീഴ്ന്നത് യാദൃശ്ചികമായിരുന്നില്ല. അമേരിക്കന്‍ ഭരണകൂടത്തിന്റെ മുന്‍കൂട്ടിയെടുത്ത തീരുമാനമായിരുന്നു അത്. അതേസമയം, സമാധാനകാംക്ഷിയായ കായ്‌ലയുടെ പേര് ഒരു എന്‍കൗണ്ടര്‍ ഓപറേഷന് നല്‍കിയത് അധാര്‍മ്മികമാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
Photo Courtesy - Google











