02:56pm 13 August 2026
NEWS
കാവേരി വീണ്ടും കലങ്ങുന്നു; അന്തിമപോരാട്ടം സുപ്രീം കോടതിയിൽ; ഇന്ന്‌ കർണാടക ബന്ദ്.
13/08/2026  12:16 PM IST
വിഷ്ണുമംഗലം കുമാർ
കാവേരി വീണ്ടും കലങ്ങുന്നു; അന്തിമപോരാട്ടം സുപ്രീം കോടതിയിൽ;  ഇന്ന്‌ കർണാടക ബന്ദ്

ബംഗളുരു: കാവേരിമേഖല വീണ്ടും സംഘർഷഭൂമിയായി മാറുകയാണ്. ഇന്നലെ മുതൽ പതിനഞ്ച് ദിവസത്തേക്ക് 12000 ക്യുസെക് കാവേരിവെള്ളം ഓരോ ദിവസവും കർണാടകം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി( സി ഡബ്ലുഎംഎ) ഉത്തരവിട്ടതും കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി( സി ഡബ്ലു ആർ സി) അപ്പോൾ തന്നെ യോഗം ചേർന്ന് ആ ഉത്തരവ് നടപ്പാക്കാൻ നീക്കം ആരംഭിച്ചതുമാണ് കാര്യങ്ങൾ വഷളാക്കിയത്. അപ്പീലിനുള്ള സാവകാശം പോലും കർണാടകയ്ക്ക് ലഭിച്ചില്ല. കന്നഡ സംഘടനകളും കർഷക സംഘങ്ങളും ഇന്ന് നടത്താൻ ദിവസങ്ങൾക്ക് മുമ്പേ തീരുമാനിച്ചിരുന്ന കർണാടക ബന്ദിന് ശക്തി പകരാൻ ആ ഉത്തരവ് പ്രേരകമായി. കർണാടക നിയമസഭയുടെ മൺസൂൺ സമ്മേളനം ഇന്ന് ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ  തീര പ്രദേശങ്ങളിൽ ജല ദൗർലഭ്യം അനുഭവപ്പെടാതിരുന്നതിനാൽ ഏതാനും വര്ഷങ്ങളായി കാവേരി മേഖല ശാന്തമായിരുന്നു. ഈ വർഷം മഴ കുറവായതിനാൽ കർണാടത്തിലെ കാവേരി അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞു. കാവേരി തടങ്ങളിൽ ജലക്ഷാമം അനുഭവപ്പെട്ടു. തമിഴ്നാട്ടിലും സമാനമായ സ്ഥിതിയായിരുന്നു. ആ സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ ജൂലൈ 29 മുതൽ ഓരോ ദിവസവും 3500 ക്യുസെക് കാവേരിവെള്ളം പതിനഞ്ച് ദിവസത്തേക്ക് കർണാടകം തമിഴ്നാടിന് വിട്ടുനൽകണമെന്ന് സി ഡബ്ലു എം എ ഉത്തരവിട്ടത്. ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതിനാൽ കർണാടകം പ്രതിസന്ധിയിലായി. സംസ്ഥാനം സമർപ്പിച്ച അപ്പീലും സിഡബ്ലു എംഎ തള്ളിയിരുന്നു. തമിഴ്നാട് ആകട്ടെ സമ്മർദ്ദം ശക്തിപ്പെടുത്തി. ഭാഗ്യവശാൽ കുടകിലും വയനാട്ടിലും നല്ല മഴ ലഭിച്ചതിനാൽ കബനി ഡാമിൽ ജലനിരപ്പ് ഉയർന്നു. ഈ മാസം ഒന്നാംതിയ്യതി മുതൽ കർണാടകം 3500 ന് പകരം 10000 ക്യുസെക് വെള്ളം  തമിഴ്നാടിന് നൽകിക്കൊണ്ടിരുന്നു. മഴ മാറിയതോടെ ഡാമിലെ ജലനിരപ്പ് താണു. ബിളിഗുണ്ട്ലുവിൽ നിന്ന് ഒഴുക്കുന്ന കാവേരിജലത്തിന്റെ അളവ് കുറഞ്ഞു. അത് പരിഗണിക്കാതെയാണ് ഇന്നലെ മുതൽ പതിനഞ്ചു ദിവസം 12000 ക്യുസെക് വെള്ളം ഓരോ ദിവസവും തമിഴ്നാടിന് വിട്ടുനൽകണമെന്ന ഉത്തരവുണ്ടായത്. ഈ മാസം ഇതുവരെയായി കാവേരിയിൽ കർണാടക ഭാഗത്തുള്ള കബിനി,ഹാരംഗി, ഹേമാവതി, കെ ആർ സാഗർ ഡാമുകളിലേക്ക് ഒഴുകിയെത്തിയ ആകെ വെള്ളത്തിന്റെ സിംഹഭാഗവും കർണാടകം തമിഴ്നാടിന് വിട്ടുനൽകിയിട്ടുണ്ട്. ഇപ്പോൾ കർണാടക ഡാമുകളിൽ 77.746 ടിഎംസി വെള്ളമേ സ്റ്റോക്കുള്ളൂ. സംഭരണശേഷിയുടെ 47 ശതമാനം മാത്രമാണിത്. മുപ്പത് വർഷക്കാലത്തെ ഏറ്റവും കുറഞ്ഞ അളവാണിത്. തർക്കം രൂക്ഷമായതോടെ കർണാടകവും തമിഴ്നാടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS
img