
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്തുകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസു പ്രതിപ്പട്ടികയിൽ. കട്ടിളപ്പാളി സ്വർണത്തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയായാണ് വാസുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് എൻ. വാസുവിന്റെ പേരുള്ളത്. കേസിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഇന്ന് ഹൈക്കോടതിയിൽ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും.
ചെമ്പ് എന്ന് രേഖപ്പെടുത്തി:
വാസു ദേവസ്വം കമ്മിഷണറായിരുന്ന സമയത്താണ് സ്വർണം ചെമ്പായി രേഖപ്പെടുത്തിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. ഈ വിഷയത്തിൽ എസ്.ഐ.ടി. എൻ. വാസുവിനെ ചോദ്യം ചെയ്തിരുന്നു. സ്വർണം ചെമ്പായി രേഖപ്പെടുത്തിയതിലും അത് വിറ്റതിലും ബോർഡിലെ ആർക്കൊക്കെ അറിവുണ്ടായിരുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ എസ്.ഐ.ടി. കണ്ടെത്തിയെന്നാണ് വിവരം.
കൂടുതൽ പേർ പ്രതിപ്പട്ടികയിൽ?
സ്വർണത്തട്ടിപ്പിൽ കൂടുതൽ പേരുടെ ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നും സൂചനയുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ എന്നിവരാണ് ഇതുവരെ കേസിൽ അറസ്റ്റിലായിട്ടുള്ളത്. ഇതിൽ, രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്ത കേസിലാണ് എൻ. വാസുവിനെ ചോദ്യം ചെയ്തതും ഇപ്പോൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതും. അറസ്റ്റിലായ സുധീഷ്‌കുമാർ മുൻപ് ശബരിമല എക്സിക്യുട്ടീവ് ഓഫീസറായും പിന്നീട് വാസുവിന്റെ പി.എയായും പ്രവർത്തിച്ചിട്ടുണ്ട്.











