
ദോഹ: കുട്ടികളുടെ വേനലവധി ദിനങ്ങൾ അറിവും വിനോദവും നിറഞ്ഞതാക്കാൻ കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന
സമ്മർ ക്യാമ്പുകൾക്ക് ആവേശകരമായ തുടക്കം. കല, സംസ്കാരം, ശാസ്ത്രം, കായികം, സാഹിത്യം തുടങ്ങി വൈവിധ്യമാർന്ന 11 ക്യാമ്പുകളിലായി 190 ൽ പരം കുട്ടികളാണ് ഇത്തവണ പങ്കാളികളാകുന്നത്. വരും ദിവസങ്ങളിൽ കുട്ടികളുടെ സർഗ്ഗാത്മക ശേഷിയും വ്യക്തിത്വവും വളർത്താൻ ഉതകുന്ന വിപുലമായ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. ജൂലൈ 29 വരെ ക്യാമ്പുകൾ നീണ്ടുനിൽക്കും.
പരമ്പരാഗത മൂല്യങ്ങൾ, ജ്യോതിശാസ്ത്രം (Astronomy), കരകൗശല വിദ്യകൾ, ഫോട്ടോഗ്രാഫി, മതം, വ്യക്തിത്വ വികസനം എന്നിവയിൽ അധിഷ്ഠിതമായ പരിശീലനങ്ങളാണ് ഈ ക്യാമ്പുകളുടെ പ്രധാന ആകർഷണം. കുട്ടികളുടെയും കൗമാരക്കാരുടെയും അഭിരുചികളെ കൃത്യമായി തിരിച്ചറിഞ്ഞ്, അവർക്ക് പ്രായോഗികമായ അറിവുകൾ പകർന്നുനൽകാൻ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ പുരോഗമിക്കുന്നത്.അവധിദിനങ്ങൾ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് കത്താറ ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. പരസ്പര സഹകരണം, ആത്മവിശ്വാസം, ബൗദ്ധിക വളർച്ച എന്നിവ ഉറപ്പാക്കുന്ന ഒരു മികച്ച വിദ്യാഭ്യാസ-സാംസ്കാരിക അന്തരീക്ഷമാണ് കത്താറയിലെ സമ്മർ ക്യാമ്പുകളിൽ ഒരുക്കിയിരിക്കുന്നത്. പ്രഥമ ദിനങ്ങളിൽ തന്നെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പിന്തുണയാണ് ക്യാമ്പുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.











