
തിരുവനന്തപുരം: യുവതി വീട്ടിൽ പ്രസവിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ ദുരൂഹത. കാട്ടാക്കട പൂഴനാട് പ്ലാവിളവീട്ടിൽ അൽത്താഫിന്റെ ഭാര്യ ഷംന (21) ഇന്നലെ ഉച്ചയോടെയാണ് വീട്ടിൽ പ്രസവിച്ചത്. എന്നാൽ, കുഞ്ഞ് മരിച്ചനിലയിലായിരുന്നു. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
വയറുവേദനയെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഷംനയെ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് അൽത്താഫ് ഓട്ടോറിക്ഷ വിളിക്കാൻ പുറത്തുപോയിരുന്നു. ഈ സമയത്താണ് പ്രസവം നടന്നത്. അൽത്താഫ് തിരിച്ചെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ഷംനയെയും കുഞ്ഞിനെയും കണ്ടതിനെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് മരിച്ചനിലയിലായിരുന്നു. ഷംനയ്ക്ക് അമിത രക്തസ്രാവം ഉണ്ടായതിനാൽ ചികിത്സയിലാണ്.
സംഭവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ കാട്ടാക്കട പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തി.
ചോദ്യം ചെയ്യലിൽ ഷംന ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്ന് അൽത്താഫ് മൊഴി നൽകി. ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്.











