
ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസുമായുള്ള സഖ്യം ഉപേക്ഷിക്കാൻ കോൺഗ്രസ് നീക്കം. രാജ്യസഭാ സീറ്റുകളിൽ നാഷനൽ കോൺഫറൻസ് ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യമായാണ് മത്സരിച്ചത്. വിജയം ഉറപ്പുള്ള ഒരു രാജ്യസഭാ സീറ്റ് കോൺഗ്രസിന് നൽകുമെന്നും ധാരണയുണ്ടായിരുന്നു. എന്നാൽ, മുൻധാരണയ്ക്ക് വിരുദ്ധമായാണ് നാഷനൽ കോൺഫറൻസ് ഏകപക്ഷീയമായി രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന നാലു രാജ്യസഭ സീറ്റിൽ, മൂന്നു സീറ്റിൽ സഖ്യത്തിന് ജയമുറപ്പാണ്. ഒരിടത്ത് ബിജെപിയുമായി കടുത്ത മത്സരമുണ്ട്. കോൺഗ്രസ് വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ, നാലിടത്തും നാഷനൽ കോൺഫറൻസ് സ്ഥാനാർഥികളെ നിർത്തി. ഹൈക്കമാൻഡിന്റെ അനുനയ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സഖ്യം തകരും. 88 അംഗ നിയമസഭയിൽ 41 ആണ് നാഷനൽ കോൺഫറൻസിന്റെ അംഗബലം. കോൺഗ്രസിന് ആറും. 29 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. അതിനാൽ തന്നെ കോൺഗ്രസ് സഖ്യം വിട്ടാലും സംസ്ഥാന സർക്കാരിന് ഭീഷണിയില്ല.











