
ചെങ്ങന്നൂർ: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്കും പ്രചാരണത്തിനുമായി നടത്തിയ ദീർഘകാല പ്രവർത്തനങ്ങൾ, കലാസാംസ്കാരിക മേഖലയിലെ സംഭാവനകൾ, പൊതുഭരണ രംഗത്തെ മികവ് എന്നിവ പരിഗണിച്ചുകൊണ്ട് കാരയ്ക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന "കസവ്" സാംസ്കാരിക സംഘടനയുടെ രണ്ടാമത് "കസവ് പുരസ്കാരം – 2026"
കെ. ജയകുമാറിന് സമ്മാനിക്കുന്നതായി കസവ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ഗ്രന്ഥകാരൻ, ചിത്രകാരൻ, പ്രഭാഷകൻ, കൂടാതെ കേരളത്തിന്റെ ചീഫ് സെക്രട്ടറി, വിദ്യാഭ്യാസം, ടൂറിസം, സാംസ്ക്കാരികം തുടങ്ങിയ വകുപ്പുകളുടെ മേധാവി എന്നീ നിലകളിൽ കാഴ്ചവച്ച മാതൃകാപരമായ ഭരണപാടവം, സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും നൽകിയ സേവനങ്ങൾ എന്നിവ കൂടി പരിഗണിച്ചാണ് പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ₹20000/- രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
"നാട്ടുത്സവം 2026" എന്ന പേരിൽ 2026 ആഗസ്റ്റ് 23ന് കരയ്ക്കാട് എസ് എച്ച് വി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ ചെങ്ങന്നൂർ എം എൽ എ
സജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പുരസ്കാരം സമർപ്പിക്കും. പ്രസിഡണ്ട് കൃഷ്ണകുമാർ കാരയ്ക്കാട് അധ്യക്ഷനായിരിക്കും.
ഗ്രാമവികസനം ലക്ഷ്യമാക്കി കസവ് കാരയ്ക്കാട് സംഘടിപ്പിക്കുന്ന "ജനകീയ വികസന സെമിനാർ – 2026", ചിത്രകല-കരകൗശല പ്രദർശനവും നാട്ടുത്സവത്തോടനുബന്ധിച്ച് നടക്കും.
പത്രസമ്മേളനത്തിൽ കസവ് പ്രസിഡണ്ട് കൃഷ്ണകുമാർ കാരയ്ക്കാട്, സെക്രട്ടറി ശ്രീരാജ് കെ, സംഘാടകസമിതി ചെയർമാൻ സതീഷ് കുമാർ വി. ആർ., വൈസ് പ്രസിഡണ്ട് ഷജീവ് കെ. നാരായണൻ എന്നിവർ പങ്കെടുത്തു.










