
കാസർകോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിന് പിന്നാലെ യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കും അയൽവാസികൾക്കും പൊലീസിനുമെതിരേ കുടുംബം പരാതി നൽകി. മുളിയാർ സ്വദേശിനി ജസീല (24)യുടെ മരണത്തിലാണ് കുടുംബം ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നത്. തനിക്കെതിരേ മോഷണക്കുറ്റം ആരോപിക്കപ്പെടുന്നതായും ഇതുമൂലം ജീവിക്കാൻ കഴിയുന്നില്ലെന്നും പറയുന്ന ജസീലയുടെ വിഡിയോ കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
ജസീലയുടെ ഭർതൃവീടിന് സമീപത്തെ വീട്ടിലെ വിവാഹാഘോഷത്തിനിടെ സ്വർണമാല നഷ്ടപ്പെട്ടതിനെ തുടർന്ന് ജസീലക്കെതിരേ മോഷണാരോപണം ഉയർന്നതായാണ് പരാതി. ഇതിനെ തുടർന്ന് ആദൂർ പൊലീസ് ജസീലയെ ചോദ്യം ചെയ്തെങ്കിലും സംഭവത്തിൽ പങ്കുണ്ടെന്നതിന് തെളിവുകൾ കണ്ടെത്താനായില്ല. ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ജസീല കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്നാണ് ജസീല വിഷം കഴിച്ചതെന്നും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചതെന്നും ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിന് പരാതി നൽകി.
ജസീല വിഡിയോയിൽ പറയുന്നത്:
‘‘ഞാൻ ചെയ്യാത്ത തെറ്റിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടു. എന്റെ ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോൾഡ് മിസായിട്ടുണ്ട്. സ്വർണം ഞാൻ എടുത്തെന്നാണ് പറയുന്നത്. ഞാൻ എടുത്തിട്ടില്ല. എനിക്ക് അറിയില്ല അങ്ങനെയൊരു സാധനമുള്ളത്. ഒരു സമാധാനവുമില്ല. മരിക്കേണ്ട അവസ്ഥയാണ്. സത്യം ആരും വിശ്വസിക്കുന്നില്ല. രേഖാമൂലം പരാതി കൊടുക്കാൻ ആദൂർ പൊലീസ് സ്‌റ്റേഷനിലെ ആൾക്കാർ സമ്മതിക്കുന്നുമില്ല. എന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി എന്റെ ഭർത്താവും ഭർത്താവിന്റെ ഉമ്മയുമാണ്. ഞാൻ അധികം ജീവിച്ചിരിക്കില്ല. എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്. സത്യം ഒരുദിവസം തെളിയും’’.
സംഭവത്തിൽ വിദ്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയുടെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.









