03:33am 25 September 2026
NEWS
നടി ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

01/01/2025  09:33 AM IST
nila
നടി ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. കാസർകോട് ചെറുവത്തൂർ വലിയപൊയിൽ ഷഹാന (20) യുടെ മരണത്തിലാണ് ഭർത്താവ് സജാദിനെതിരെ മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 21 ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണു ഉത്തരവ്.

2022 മേയ് 13 നാണ് ഷഹാനയെ പറമ്പിൽ ബസാറിനടുത്ത് ഗൾഫ് ബസാറിലെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃപീഡനം കാരണം മരിച്ചതായാണു കേസ്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ കാസർകോട്ടെ വീട്ടിൽ നിന്നു ലഭിച്ച ഡയറിയിൽ ഭർത്താവ് സജാദും സഹോദരിയും സഹോദരി ഭർത്താവും ഭർത്താവിന്റെ മാതാവും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നു ആരോപിച്ചിരുന്നു.

ഷഹാന ആത്മഹത്യ ചെയ്തെന്നു സജാദ് പറഞ്ഞെങ്കിലും ഇവർ താമസിച്ച വാടക വീട്ടിൽ എത്തിയവരാരും തൂങ്ങി മരിച്ച നിലയിൽ ഷഹാനയെ കണ്ടിട്ടില്ലെന്നാണു പൊലീസ് കേസ്. മുൻവാതിൽ തുറന്ന നിലയിൽ ഷഹാന സജാദിന്റെ മടിയിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് ബഹളം കേട്ടെത്തിയ അയൽവാസികൾ കണ്ടത്. കെട്ടിട ഉടമ ജാസർ പൊലീസിനു നൽകിയ മൊഴിയും മൊബൈൽ ഫോണിൽ അവസാനം അവശേഷിച്ച ചാറ്റിങ് സന്ദേശങ്ങളും പൊലീസ് അന്വേഷിച്ചിരുന്നു.

 കഴിഞ്ഞ തവണ വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഹാജരാവാത്തതിനാൽ വിചാരണ നടപടി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. പ്രതി വാടകയ്ക്ക് താമസിച്ച ചെറുകുളം ബസാറിനടുത്ത വീട്ടിൽ ഇപ്പോൾ മറ്റൊരാളാണു താമസിക്കുന്നതെന്നും പ്രതി നിലവിൽ താമസിക്കുന്നതെവിടെയെന്നു കണ്ടെത്താനായില്ലെന്നുമാണ് ചേവായൂർ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img