
കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അടുത്തബന്ധു അറസ്റ്റിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് ഇയാൾ ബലാത്സംഗത്തിന് ശ്രമിച്ചത്.
മാതാപിതാക്കൾ ജോലിക്കായി പുറത്തുപോയ സമയത്താണ് പ്രതി പെൺകുട്ടിക്കുനേരേ അതിക്രമത്തിന് ശ്രമിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഈ സമയത്താണ് ബന്ധു വീട്ടിലെത്തി അപകൃത്യത്തിന് ശ്രമിച്ചതെന്നാണ് പരാതി. കുട്ടി നിലവിളിച്ചുകൊണ്ട് വീട്ടിൽ നിന്ന് പുറത്തേക്ക് ഓടിയതോടെ സംഭവം പുറത്തറിയുകയായിരുന്നു.
ശബ്ദം കേട്ട് സമീപവാസികൾ സ്ഥലത്തെത്തി കുട്ടിയെ സുരക്ഷിതയാക്കി. മാതാപിതാക്കൾ വീട്ടിലെത്തിയ ശേഷം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.











