07:57pm 11 August 2026
NEWS
എംഡിഎംഎ കേസിൽ അറസ്റ്റിലായ പ്രതി മുഖ്യമന്ത്രിയുടെ അടുത്തയാൾ? മുഹമ്മദ് ഹുസൈൻ വി.ഡി. സതീശനൊപ്പമുള്ള ദൃശ്യങ്ങളും പുറത്ത്
11/08/2026  05:23 PM IST
nila
എംഡിഎംഎ കേസിൽ അറസ്റ്റിലായ പ്രതി മുഖ്യമന്ത്രിയുടെ അടുത്തയാൾ? മുഹമ്മദ് ഹുസൈൻ വി.ഡി. സതീശനൊപ്പമുള്ള ദൃശ്യങ്ങളും പുറത്ത്

കാസർകോട്: കാസർകോട് എംഡിഎംഎ കേസിൽ അറസ്റ്റിലായ പെരുമ്പാവൂർ സ്വദേശി കെ.എച്ച്. മുഹമ്മദ് ഹുസൈന് രാഷ്ട്രീയ ബന്ധമുണ്ടെന്ന സൂചിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശനൊപ്പമുള്ള മുഹമ്മദ് ഹുസൈന്റെ നിരവധി ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണെന്ന് മുഹമ്മദ് ഹുസൈൻ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ അവകാശപ്പെടുന്നുണ്ട്. കോൺഗ്രസിന്റെ എറണാകുളം ജില്ലയിലെ ഒരു ബൂത്ത് പ്രസിഡന്റായും ഇയാൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സതീശനുമായുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്ന തരത്തിലുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഹുസൈന്റെ പ്രൊഫൈലിലുണ്ട്. ഹുസൈന്റെ ഗൃഹപ്രവേശന ചടങ്ങിലും സതീശൻ പങ്കെടുത്തിരുന്നുവെന്ന സൂചന നൽകുന്ന ദൃശ്യങ്ങളും ഇതിലുണ്ട്.

അതേസമയം, പെരുമ്പാവൂരിൽ നടന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിപാടിയുമായും മുഹമ്മദ് ഹുസൈന് ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയുടെ സംഘാടകരിൽ ഒരാളായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ഹുസൈൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതായും വിവരമുണ്ട്.

ഞായറാഴ്ച കാലിക്കടവിൽ നടത്തിയ വാഹനപരിശോധനയിലാണ് 139.29 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായത്. പെരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ പി.എ. അബ്ദുൾ സലാം (27), കെ.എച്ച്. മുഹമ്മദ് ഹുസൈൻ (28), പി.എ. അബ്ബാസ് (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽനിന്ന് എംഡിഎംഎ എറണാകുളത്തെത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്നാണ് പൊലീസിന്റെ നിഗമനം. ലഹരിമരുന്നിന്റെ മൊത്തവിൽപനയുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് സംഘം പിടിയിലായത്. പെരുമ്പാവൂരിൽനിന്ന് സ്വിഫ്റ്റ് കാറിൽ എംഡിഎംഎയുമായി കാസർകോട്ടേക്ക് വരുന്നതിനിടെയാണ് ജില്ലാ അതിർത്തിയിൽ ഇവർ പിടിയിലായത്.

തുടർന്ന് സംഘത്തെയും വാഹനത്തെയും ചന്തേര പൊലീസിന് കൈമാറി. ചന്തേര എസ്.ഐ. മനു പി. ചെറിയാനും സംഘവും നടത്തിയ പരിശോധനയിൽ പ്രതികളുടെ കൈവശത്തുനിന്നും കാറിന്റെ ഡാഷ്ബോർഡിൽനിന്നും ഉൾപ്പെടെ നാല് പൊതികളിലായി 139.29 ഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.

കേസിൽ പ്രധാന കണ്ണിയും പിടിയിൽ

ഇതിനിടെ, സംഘത്തിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന പെരുമ്പാവൂർ അറക്കപ്പടി സ്വദേശി സൈനുൽ ആബിദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പിടിയിലായവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചന്തേര പൊലീസിന് കൈമാറുകയായിരുന്നു.

ചന്തേര ഇൻസ്പെക്ടർ എം.വി. ഷീജു എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

സൈനുൽ ആബിദിന് ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ പ്രാദേശിക നേതാവിന്റെ സഹോദരനാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേസിലെ ലഹരിമരുന്ന് ശൃംഖലയെക്കുറിച്ചും പ്രതികളുടെ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img