
കാസർകോട്: ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചതിന് പിന്നാലെ പ്ലാറ്റ്ഫോം തകർന്ന് 39കാരിയുടെ കാലിന് ഗുരുതര പരുക്കേറ്റു. കാസർകോട് നീലേശ്വരത്താണ് സംഭവം. അഴിത്തല ബോട്ട് ജെട്ടിക്ക് സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ മകൾ കുഞ്ഞായിഷയ്ക്കാണ് പരുക്കേറ്റത്. അപകടത്തിൽ യുവതിയുടെ ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ട്.
കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി പ്രിയദർശിനി ബസ്. പടന്നക്കാട് ഐങ്ങോത്ത് എത്തിയപ്പോഴാണ് പിന്നിലെ ടയർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഇതിന് പിന്നാലെ ബസിന്റെ പ്ലാറ്റ്ഫോമും തകർന്നു.
പിന്നിലെ ടയറിന് മുകളിലായുള്ള സീറ്റിലായിരുന്നു കുഞ്ഞായിഷ ഇരുന്നത്. പ്ലാറ്റ്ഫോം തകർന്നതോടെ കാലിന് ഗുരുതരമായി പരുക്കേറ്റു. എല്ല് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ജീവനക്കാർ തന്നെ കുഞ്ഞായിഷയെ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. കുഞ്ഞായിഷയും ഭർത്താവും തയ്യൽത്തൊഴിലാളികളാണ്. സംഭവത്തിൽ കാഞ്ഞങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










