
വീട്ടിൽ ഉറങ്ങിക്കിടന്ന ഒൻപതുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് മരണംവരെ കഠിന തടവ്. കുടക് നപ്പോക്ക് സ്വദേശി പി.എ. സലീ(40)മിനെയാണ് ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബ(21)ക്ക് ഇന്ന് കോടതി പിരിയും വരെ തടവുശിക്ഷയും ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം.സുരേഷ് വിധിച്ചു. പീഡനത്തിനിരയായ കുട്ടിയിൽനിന്നു കവർന്ന കമ്മൽ വിൽക്കാൻ സഹായിച്ചെന്നാണ് സുഹൈബയ്ക്കെതിരായ കുറ്റം.
2024 മേയ് 15-നാണ്ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ കേസിനാസ്പദമായ സംഭവം നടന്നത്. പുലർച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സലീം വീട്ടിനകത്ത് കയറിയത്. മുൻവാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റർ അകലെയുള്ള വയലിൽവെച്ച് പീഡിപ്പിച്ച ശേഷം കുട്ടിയെ വയലിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു. പേടിച്ചരണ്ട ബാലിക ഇരുട്ടിൽ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തുകയായിരുന്നു.
കുട്ടിയുടെ സ്വർണക്കമ്മൽ വിറ്റുകിട്ടിയ കാശുമായി മഹാരാഷ്ട്രയിലും ബെംഗളൂരുവിലും ഒടുവിൽ ആന്ധ്രയിലുമെത്തിയ സലീമിനെ ഒൻപതാം നാൾ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അന്നത്തെ ഹൊസ്ദുർഗ് ഇൻസ്‌പെക്ടറും നിലവിൽ പേരാവൂർ ഡിവൈഎസ്പിയുമായ എം.പി. ആസാദിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പോക്‌സോ ഉൾപ്പെടെ ഏഴുവകുപ്പുകൾ ചേർത്ത് പ്രതി അറസ്റ്റിലായതിന്റെ 39-ാം ദിവസം കുറ്റപത്രം സമർപ്പിച്ചു. ഈ വർഷം ജനുവരിയിലാണ് വിചാരണ തുടങ്ങിയത്.
കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.











