
തിരുവനന്തപുരം: കാസർകോട് ലഹരിക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെയും അബ്ദുൾ സലാമിനെയും തനിക്ക് നേരിട്ട് അറിയാമായിരുന്നുവെന്ന് വി.ഡി. സതീശൻ പറഞ്ഞു. മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്നും നവകേരള സദസ്സുമായി ബന്ധപ്പെട്ട ലാത്തിച്ചാർജിൽ പരിക്കേറ്റതിനെ തുടർന്ന് താൻ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിൽ എംഎൽഎയ്ക്കും പാർട്ടി ഭാരവാഹികൾക്കുമൊപ്പം പോയിട്ടുണ്ടെന്നും മൂന്നോ നാലോ തവണ നേരിൽ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്ന് ഇവർക്ക് ലഹരിയുമായി ബന്ധപ്പെട്ട ബന്ധമുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നും അറസ്റ്റ് ചെയ്തപ്പോഴാണ് വിവരം ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇരുവരും തന്റെ സോഷ്യൽ മീഡിയ ടീമിൽ അംഗങ്ങളല്ലെന്നും പ്രതിപക്ഷ നേതാവായിരുന്ന കാലത്തും ഇപ്പോഴും തനിക്ക് പ്രത്യേക സോഷ്യൽ മീഡിയ ടീം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കിയതിൽ ഇടപെട്ടിട്ടില്ലെന്ന് സതീശൻ
സോഷ്യൽ മീഡിയയിൽനിന്ന് വാർത്തകളും പോസ്റ്റുകളും നീക്കം ചെയ്യാൻ താനോ തന്റെ ഓഫീസോ ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളി മേഖലയിലെ വിഷയങ്ങളിൽ ഇടപെട്ടതിനെ അഭിനന്ദിച്ച് തിരുവനന്തപുരം ആർച്ച് ബിഷപ്പ് നടത്തിയ പ്രസംഗം ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷിബു ബേബി ജോണിനൊപ്പം ഗൗതം കൃഷ്ണയുടെ വീട്ടിൽ പോയതുമായി ബന്ധപ്പെട്ട വാർത്തകളും തെലങ്കാന, ഹിമാചൽപ്രദേശ് മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ട വാർത്തകളും സോഷ്യൽ മീഡിയയിൽനിന്ന് നീക്കം ചെയ്തതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മെറ്റയുടെ നയത്തിലെ മാറ്റമാണോ വാർത്തകൾ നീക്കം ചെയ്യുന്നതിന് പിന്നിലെന്നത് വ്യക്തമല്ലെന്നും തന്റെ ഓഫീസിലെ ആരും മെറ്റയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് വേണമെങ്കിൽ കത്ത് നൽകാമെന്നും നീക്കം ചെയ്ത കാർഡുകൾ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടാമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. വിഷയത്തിൽ പരാതി നൽകണമെന്നും സർക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് രണ്ട് ലക്ഷം രൂപ അധിക ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പിഎംഎവൈ പദ്ധതി നഗരം 2 കേരളത്തിൽ നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിക്കില്ല. എന്നാൽ പദ്ധതിയുടെ എംബ്ലം സ്ഥാപിക്കണമെന്ന നിർദേശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമേഖലാ ജീവനക്കാർക്ക് ബോണസ്
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2025–26 സാമ്പത്തിക വർഷത്തെ ബോണസ് അനുവദിക്കുന്നതിനുള്ള മാർഗനിർദേശം സർക്കാർ പുറത്തിറക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
വിഴിഞ്ഞത്ത് ആഗസ്റ്റ് 18 മുതൽ കയറ്റുമതിയും ഇറക്കുമതിയും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കയറ്റുമതി, ഇറക്കുമതി ചരക്കുനീക്കങ്ങൾക്ക് ആഗസ്റ്റ് 18ന് തുടക്കമാകും. ഇതുവരെ തുറമുഖം പ്രധാനമായും ട്രാൻഷിപ്മെന്റ് പ്രവർത്തനങ്ങളാണ് കേന്ദ്രീകരിച്ചിരുന്നത്. കയറ്റുമതിയും ഇറക്കുമതിയും ആരംഭിക്കുന്നതോടെ തുറമുഖത്തിന്റെ ഗുണഫലങ്ങൾ നേരിട്ട് സംസ്ഥാനത്തിന് ലഭിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഖനന നിയമഭേദഗതിയിൽ എതിർപ്പ്
കേന്ദ്രസർക്കാർ കൊണ്ടുവന്ന ഖനന നിയമഭേദഗതി സംസ്ഥാനത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി അടുത്തയാഴ്ച യോഗം ചേരുമെന്നും അപകടങ്ങളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.











