05:00am 22 April 2025
NEWS
തമിഴ്നാട് സ്വദേശി തിന്നറൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
15/04/2025  09:33 AM IST
nila
തമിഴ്നാട് സ്വദേശി തിന്നറൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

തമിഴ്നാട് സ്വദേശി തിന്നറൊഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. കാസർകോട് ബേഡഡുക്ക സ്വദേശിനി സി.രമിത(32)യാണ് മരിച്ചത്. മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുന്ന രമിതയെ തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം തിന്നറൊഴിച്ച് തീകൊളുത്തുകയായിരുന്നു.  ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

രമിതയുടെ കടയുടെ സമീപം ഫർണിച്ചർ കട നടത്തിയിരുന്നയാളാണ് രാമാമൃതം. മദ്യപിച്ചെത്തി ശല്യംചെയ്യുന്നെന്ന രമിതയുടെ പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ട് ഫർണിച്ചർ കട അടപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. നേരത്തേ, ഇയാൾ രമിതയ്ക്കെതിരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.

ഈ മാസം എട്ടാം തീയതി ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതി ഫർണിച്ചർ ജോലിക്ക് ഉപയോഗിക്കുന്ന തിന്നർ രമിതയുടെ ദേഹത്തൊഴിച്ച്, കയ്യിൽ കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിനു തീപിടിച്ചതാണെന്നു കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവർത്തനം നടത്തിയത്. കടയ്ക്കു മുന്നിൽ നിർത്തിയിട്ട ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച രാമാമൃതത്തെ ബസ് ജീവനക്കാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന എട്ടു വയസ്സുള്ള മകനും മകന്റെ സഹപാഠിയും തലനാരിഴയ്ക്കാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.

രമിതയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. യുവതിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img img