
കാസർകോട്: ഹൈക്കോടതി വഴി വിവാഹമോചന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാമെന്നും പൂജകൾ നടത്തിയാൽ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നും വിശ്വസിപ്പിച്ച് യുവതിയിൽനിന്ന് 13.16 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി വിൻസെന്റിനെയാണ് കാസർകോട് സൈബർ ക്രൈം പോലീസ് കൊല്ലം തെന്മലയിൽനിന്ന് പിടികൂടിയത്.
ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന ഉദുമ സ്വദേശിനിയുമായി ഫെയ്‌സ്ബുക്ക് വഴിയാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഫോണിലൂടെയും വാട്‌സാപ്പിലൂടെയും നിരന്തരം ബന്ധപ്പെടുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിവാഹമോചന നടപടികൾ ഹൈക്കോടതി വഴി എളുപ്പത്തിൽ പൂർത്തിയാക്കാമെന്നും ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചത്.
പ്രതിയുടെ വാക്കുകൾ വിശ്വസിച്ച യുവതി വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പലതവണയായി പണം കൈമാറി. 2025 സെപ്റ്റംബർ 17 മുതൽ 2026 ജനുവരി രണ്ട് വരെയുള്ള കാലയളവിൽ ആകെ 13,16,731 രൂപയാണ് തട്ടിയെടുത്തതെന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് സൈബർ ക്രൈം പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന് തെന്മലയിൽ നടത്തിയ പരിശോധനയിലാണ് ആന്റണി വിൻസെന്റ് പിടിയിലായത്.
സാമൂഹികമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷം സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പരിചയമില്ലാത്തവർ ആവശ്യപ്പെടുന്ന സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടരുതെന്നും പോലീസ് നിർദേശിച്ചു.
സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടറുടെ ചുമതലയുള്ള പി. നളിനാക്ഷന്റെ നേതൃത്വത്തിൽ എസ്.ഐ. സവ്യസാചി, എ.എസ്.ഐമാരായ പി.കെ. രഞ്ജിത്ത് കുമാർ, എം. ദിലീഷ്, പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർമാരായ സവാദ് അഷ്‌റഫ്, വിപിൻ എന്നിവരടങ്ങിയ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്.










