
കാസർകോട്: 16 വയസുകാരിയെ യുവതി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അറസ്റ്റിലായ 25കാരിയായ സ്നേഹ മെർലിൻ നിരവധി തവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ മെർലിൻ കുറച്ചുകാലം ഇവരുടെ വീട്ടിൽ താമസിച്ചിരുന്നുവെന്നാണ് വിവരം. ഈ കാലയളവിലാണ് പല തവണ പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. അമ്മ വീട്ടിലുണ്ടായിരുന്ന സമയത്തുപോലും പീഡനം നടന്നിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി.
ലഹരിക്കേസിൽ ജയിലിലായിരുന്ന സമയത്താണ് പെൺകുട്ടിയുടെ അമ്മയും സ്നേഹ മെർലിനും പരിചയപ്പെടുന്നത്. പിന്നീട് ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സ്നേഹ വീട്ടിലെത്തിയിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഇതിനിടെ, അച്ഛൻ തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി പെൺകുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു. ആ പരാതിയെ തുടർന്ന് അച്ഛൻ റിമാൻഡിലായെങ്കിലും പിന്നീട് പെൺകുട്ടി മൊഴി മാറ്റി. പീഡനവിവരം അറിഞ്ഞിട്ടും അധികാരികളെ അറിയിക്കാതിരുന്നതിന്റെ പേരിൽ പെൺകുട്ടിയുടെ അമ്മയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
അതേസമയം, സ്നേഹ മെർലിനെതിരെ നേരത്തെയും നിരവധി പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മൂന്ന് പോക്സോ കേസുകളാണ് നിലവിലുള്ളത്. സഹോദരങ്ങളായ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചെന്ന പരാതിയിലാണ് രണ്ട് കേസുകൾ. മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ കേസ്. കൂടാതെ, തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മർദിച്ച കേസിലും സ്നേഹ മെർലിൻ പ്രതിയാണ്.









