03:59pm 25 August 2026
NEWS
കരുവാറ്റ കൊലപാതക കേസിൽ അന്വേഷണം സങ്കീർണം; കൗമരക്കാരായ പ്രതികളെ ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാകാതെ പൊലീസ്
24/08/2026  10:22 AM IST
nila
കരുവാറ്റ കൊലപാതക കേസിൽ അന്വേഷണം സങ്കീർണം; കൗമരക്കാരായ പ്രതികളെ ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാകാതെ പൊലീസ്

 

ഹരിപ്പാട്:  പെൺകുട്ടിയുൾപ്പെടെ മൂന്ന് കൗമാരക്കാർ ആസൂത്രണം ചെയ്ത് നടത്തിയെന്നു കരുതുന്ന കരുവാറ്റ കൊലപാതകക്കേസ് കേരള പോലീസിന്റെ അന്വേഷണ ചരിത്രത്തിലെ അപൂർവ കേസുകളിലൊന്നായി മാറുന്നു. കൊല്ലപ്പെട്ട വയോധികൻ ശിവൻകുട്ടി ചെട്ടിയാർ (65)യുടെ കേസിൽ നിയമപരമായ സങ്കീർണതകൾ ഏറെയുള്ളതിനാൽ മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ഈ മാസം 15-ാം തീയതി രാത്രിയിലായിരുന്നു സംഭവം. 17-ന് രാവിലെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് 24 മണിക്കൂറിനുള്ളിൽ കുറ്റാരോപിതരായ കൗമാരക്കാരെ പോലീസ് കണ്ടെത്തുകയും മോഷണം പോയ നാലരപ്പവൻ സ്വർണം വീണ്ടെടുക്കുകയും ചെയ്തു.

എന്നാൽ പ്രതികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ അന്വേഷണത്തിന്റെ തുടർനടപടികൾക്ക് നിയമപരമായ നിയന്ത്രണങ്ങളുണ്ട്. കരുതൽത്തടങ്കലിൽ ഒരാഴ്ച പിന്നിട്ടിട്ടും ഇവരെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യാനോ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനോ പോലീസിന് സാധിച്ചിട്ടില്ല. നിയമത്തിന്റെ പരിധിക്കുള്ളിൽനിന്ന് ഓരോ നടപടിയും പലതവണ പരിശോധിച്ച ശേഷമാണ് പോലീസ് മുന്നോട്ടുപോകുന്നത്.

ആസൂത്രിത കൊലപാതകമെന്ന് പോലീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്വട്ടേഷൻ ഏറ്റെടുത്താണ് മൂന്ന് കൗമാരക്കാർ കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ആശയവിനിമയത്തിനായി പ്രത്യേക സിം കാർഡ് എടുത്തതടക്കമുള്ള നടപടികൾ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ സൂചനകളായാണ് പോലീസ് കാണുന്നത്.

സാധാരണ കൊലപാതകക്കേസുകളിൽ പ്രതികളെ പിടികൂടി ആയുധങ്ങളും തൊണ്ടിമുതലുകളും കണ്ടെത്തിയശേഷം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കുറ്റപത്രത്തിലേക്ക് നീങ്ങാനാകും. എന്നാൽ പ്രായപൂർത്തിയാകാത്തവർ പ്രതികളായതോടെ കരുവാറ്റ കേസിൽ അന്വേഷണ നടപടികൾക്ക് കൂടുതൽ നിയമനൂലാമാലകളുണ്ട്.

കൗമാരക്കാരെ മുതിർന്നവരായി വിചാരണ ചെയ്യുമോ?

16നും 18നും ഇടയിൽ പ്രായമുള്ളവർ കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായാൽ അവരെ മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമോ എന്നത് ജുവനൈൽ ജസ്റ്റിസ് ബോർഡാണ് തീരുമാനിക്കുക. കരുവാറ്റ കേസിലെ മൂന്ന് കൗമാരക്കാരെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്ന ആവശ്യവുമായി അന്വേഷണ സംഘം ബോർഡിനെ സമീപിച്ചിട്ടുണ്ട്.

പ്രതികളുടെ യാത്ര വ്യക്തമാക്കുന്ന 5 സി.സി.ടി.വി. ദൃശ്യങ്ങൾ

അതിനിടെ കേസിൽ നിർണായകമായ ഡിജിറ്റൽ തെളിവുകളും പോലീസിന് ലഭിച്ചു. പ്രതികളുടെ യാത്രയും കൊലപാതകത്തിന് മുമ്പും ശേഷവുമുള്ള നീക്കങ്ങളും വ്യക്തമാക്കുന്ന അഞ്ച് സി.സി.ടി.വി. ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്.

ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽനിന്നുള്ള ദൃശ്യമാണ് ഇതിൽ പ്രധാനപ്പെട്ടത്. നഗരത്തിലെ കെ.എസ്.ആർ.ടി.സി. ജങ്ഷനിൽനിന്നുള്ള ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. കരുവാറ്റയിൽ ശിവൻകുട്ടി ചെട്ടിയാർ താമസിച്ചിരുന്ന വീട്ടിലേക്ക് പ്രതികൾ നടന്നുപോകുന്നതിന്റെ രണ്ട് ദൃശ്യങ്ങൾ സമീപത്തെ വീടുകളിലെ ക്യാമറകളിൽ പതിഞ്ഞു.

കൊലപാതകത്തിനും മോഷണത്തിനും ശേഷം പ്രതികൾ മടങ്ങിപ്പോകുന്നതിന്റെ ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഹരിപ്പാട്ടെത്തിയ പ്രതികൾ കരുവാറ്റയിലെ വീട്ടിലെത്തി കൃത്യം നടത്തിയ ശേഷം മടങ്ങിയെന്ന അന്വേഷണ നിഗമനത്തിന് ഈ ദൃശ്യങ്ങൾ നിർണായക തെളിവുകളാകുമെന്നാണ് വിലയിരുത്തൽ.

കൃത്യസമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ, ശാസ്ത്രീയ തെളിവുകൾ, മറ്റ് ഡിജിറ്റൽ വിവരങ്ങൾ എന്നിവ കൂട്ടിച്ചേർത്ത് കേസിന്റെ അന്വേഷണ ചിത്രം കൂടുതൽ വ്യക്തതയിലേക്ക് എത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img