
യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയിൽ പത്തനംതിട്ട സ്വദേശിനി കാർത്തിക പ്രദീപിനെ എറണാകുളം സെൻട്രൽ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒട്ടേറെ ആളുകളാണ് കാർത്തികയുടെ തട്ടിപ്പിന് ഇരകളായതെന്നാണ് പൊലീസ് പറയുന്നത്. കൊച്ചി പുല്ലേപ്പടിക്ക് സമീപത്തെ 'ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൾട്ടൻസി' യുടെ മറവിലായിരുന്നു യുവതിയുടെ തട്ടിപ്പ്. മൂന്നു ലക്ഷം രൂപ മുതൽ എട്ടുലക്ഷം രൂപ വരെയാണ് ഓരോരുത്തിൽ നിന്നും കാർത്തിക തട്ടിയെടുത്തത്. പണം തിരികെ ചോദിച്ചവരോട് വളരെ ധാർഷ്യത്തോടെയായിരുന്നു യുവതിയുടെ പെരുമാറ്റം എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. പണം നഷ്ടമായവർ യുവതിയെ ഫോണിൽ വിളിച്ച് സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
കാർത്തിയോട് പൈസ ചോദിച്ച് വിളിച്ച ആളോട് കാർത്തികയുടെ സംഭാഷണമാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്? എന്നാണ് കാർത്തിക ചോദിക്കുന്നത്.
യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂർ സ്വദേശിനിയിൽനിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാർത്തിക പ്രദീപിനെ എറണാകുളം സെൻട്രൽ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. യുകെയിൽ സോഷ്യൽവർക്കർ ജോലി ശരിയാക്കിനൽകാമെന്നായിരുന്നു കാർത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപ യുവതിയിൽനിന്ന് കൈപ്പറ്റി. ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ യുപിഐ ഇടപാടുകളിലൂടെയുമാണ് പണം കൈമാറിയത്. എന്നാൽ, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് ഇവർ പോലീസിൽ പരാതി നൽകിയത്.
പൊലീസ് കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി വാങ്ങിയതെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൌസ് ഓഫീസർ അനീഷ് ജോൺ പറഞ്ഞു.











