
വീസ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കാർത്തിക പ്രദീപും സംഘവും തന്നെ ആക്രമിച്ചിരുന്നെന്ന് വെളിപ്പെടുത്തി ടാറ്റു സ്റ്റുഡിയോ ഉടമ. കാക്കനാട് ടാറ്റു സ്റ്റുഡിയോ നടത്തുന്ന മൂവാറ്റുപുഴ സ്വദേശി ജിത്തുവാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് കാർത്തികയുമായി പരിചയപ്പെടുന്നതെന്നും തന്റെ സഹൃത്തും ഭാര്യയും കാർത്തികയുടെ തട്ടിപ്പിനിരയായിട്ടുണ്ട് എന്നും ജിത്തു പറയുന്നു.
ഒന്നരമാസം മുൻപാണ് കാക്കനാടുള്ള ടാറ്റൂ സ്റ്റുഡിയോയിൽ കാർത്തികയും കൂട്ടരും ജിത്തുവിനെ ആക്രമിച്ചത്. അതിക്രമത്തിൻറെ ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ജിത്തു കാർത്തികയ്ക്ക് അയച്ച സന്ദേശത്തെ തുടർന്നായിരുന്നു ഈ കയ്യാങ്കളി. വിവാഹാലോചനയുമായി ബന്ധപ്പെട്ട് 2023ലാണ് കാർത്തികയെ ജിത്തു പരിചയപ്പെടുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഒപ്പം കൺസൾട്ടൻസി സ്ഥാപന ഉടമയെന്നാണ് കാർത്തിക പരിചയപ്പെടുത്തിയതെന്ന് ജിത്തു പറയുന്നു.
തന്റെ സുഹൃത്തിനെയും ഭാര്യയേയും കാർത്തിക പറ്റിച്ചതോടെ ബന്ധത്തിൽ നിന്ന് പിൻമാറിയെന്നും ജിത്തു വെളിപ്പെടുത്തി. ആ കാലയളവിൽ ജിത്തുവിനോട് കാർത്തിക പങ്കുവെച്ച ചില വിവരങ്ങൾ പൊലീസിൻറെ സംശയങ്ങൾ ബലപ്പെടുത്തുന്നു.മറ്റു ചിലരുടെ സഹായത്തോടെയാണ് കാർത്തിയ കൺസൾട്ടൻസി തുടങ്ങിയതെന്ന് ജിത്തുവും സ്ഥിരീകരിക്കുന്നു.
കാർത്തിക പ്രദീപ് തട്ടിപ്പിലൂടെ നേടിയ പണം വിദേശത്ത് നിക്ഷേപങ്ങളാക്കിയെന്നാണ് പൊലീസിന്റെ സംശയം. കാർത്തികയുടെ ബിസിനസ് പാർട്ണറായ യുവാവടക്കം വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. അന്ന് കാർത്തിയുടെ കൂടെയുണ്ടായിരുന്നവർ പലരും വിദേശത്താണ്. ഇവിടെ നിന്ന് തട്ടിയെടുത്ത പണം അവർ മുഖേന കടത്തിയെന്നാണ് പൊലീസിൻറെ നിഗമനം. തട്ടിപ്പിൽ കാർത്തികയുടെ കുടുംബാംഗങ്ങളുടെ പങ്ക് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.











