04:09pm 17 June 2026
NEWS
കർണ്ണാടകത്തിലെ തേൻകെണി വിവാദം: സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹരജി
25/03/2025  04:20 PM IST
വിഷ്ണുമംഗലം കുമാർ
കർണ്ണാടകത്തിലെ തേൻകെണി വിവാദം: സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹരജി

കർണ്ണാടക : രാജ്യത്തെ ജനാധിപത്യവ്യവസ്ഥയ്ക്ക് അപമാനകരമായ കർണാടകത്തിലെ തേൻകെണി വിവാദത്തെപ്പറ്റി സ്വതന്ത്ര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹരജി ഫയൽ ചെയ്തു. ധൻബാദ് സ്വദേശി ബിനയ് കുമാർ സിംഗാണ് മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹരജി നൽകിയത്. ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ ബരുൺകുമാർ സിംഗ് വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഉടൻ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ്‌ ഖന്ന ഉറപ്പുനൽകി. "കർണാടകത്തിലെ ഒരു മന്ത്രിയാണ് താൻ ഉൾപ്പെടെ നിരവധി നേതാക്കൾ തേൻകെണിയുടെ ഇരകളാണെന്ന് നിയമസഭയിൽ വെളിപ്പെടുത്തിയത്. മറ്റൊരു മന്ത്രിയും അത് ശരിവെച്ചു. അതുമാത്രമല്ല ചില ജഡ്ജിമാരും ദേശീയ നേതാക്കളും തേൻകെണിയുടെ ഇരകളായിട്ടുണ്ടെന്ന വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണ്. ആരാണ് അതിന്റെ പിന്നിലെന്ന സൂചനയും മന്ത്രിമാർ നൽകിയിട്ടുണ്ട്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്, തേൻകെണി ഒരുക്കിയത് ആര്? എന്തിന് ? ആരൊക്കെ ഇരകളായി എന്നൊക്കെയുള്ളതിനെ കുറിച്ചുള്ള സത്യസന്ധമായ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കർണാടക ഗവണ്മെന്റിന് സ്വാധീനിക്കാൻ സാധിക്കാത്ത ഒരു ഏജൻസിയെ സ്വതന്ത്ര്യവും നീതിയുക്തവുമായ അന്വേഷണം നടത്താൻ ബഹുമാനപ്പെട്ട കോടതി ഉത്തരവിടണം. അന്വേഷണം ഈ കോടതിയുടെ മേൽനോട്ടത്തിൽ ആവുന്നതാണ് ഏറ്റവും ഉചിതം" ഹരജിയിൽ ആവശ്യപ്പെടുന്നു. കർണാടകത്തിലെ സഹകരണ മന്ത്രി കെ എൻ രാജണ്ണയാണ് താനും നാൽപ്പത്തെട്ടോളം പേരും തേൻകെണിയുടെ ഇരകളായവരും ഭീഷണി നേരിടുന്നവരുമാണെന്ന് നിയമസഭയിൽ തുറന്നടിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ആത്മബന്ധമുള്ള നേതാവാണ് രാജണ്ണ. സഹകരണ മേഖലയിൽ ദീർഘകാലത്തെ പ്രവർത്തനപരിചയമുള്ള ഇദ്ദേഹം തുമക്കൂരൂ ജില്ലയിലെ മധുഗിരിയെയാണ് നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. പേരിലെ ഇനിഷ്യലിലെ കെ സൂചിപ്പിക്കുന്നത് ജന്മഗ്രാമായ ക്യാദസാന്ദ്രയെയാണ്. സത്യം വിളിച്ചുപറയാൻ രാജണ്ണ ഒരിക്കലും മടിക്കാറില്ല. സുപ്രീം കോടതി തേൻകെണി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടാൽ അത് കർണാടകത്തിൽ പ്രകമ്പനം സൃഷ്ടിച്ചേക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img