
ബംഗളുരു: ഗൃഹലക്ഷ്മി, ഗൃഹജ്യോതി, ശക്തി, അന്നഭാഗ്യ, യുവനിധി എന്നീ അഞ്ചു സൗജന്യങ്ങളാണ് 2023ൽ അധികാരത്തിൽ വന്നതുമുതൻ കർണാടകത്തിലെ ജനങ്ങൾക്ക് കോൺഗ്രസ്സ് ഗവണ്മെന്റ് നൽകിപ്പോരുന്നത്. സിദ്ധരാമയ്യയ്‌ക്ക് ശേഷം മുഖ്യമന്ത്രിയായ ഡി കെ ശിവകുമാറും ഗവണ്മെന്റിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും സൗജന്യ പദ്ധതികൾ മുടക്കം കൂടാതെ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏത് പ്രതികൂല സാഹചര്യത്തിലും സൗജന്യങ്ങൾ തുടരണമെന്നാണ് ഹൈക്കമാണ്ട് നിർദ്ദേശം. ബി പി എൽ കാർഡുടമകൾക്ക് മാസത്തിൽ പത്തുകിലോ അരി സൗജന്യമായി നൽകുന്ന പദ്ധതിയാണ് അന്നഭാഗ്യ. 4.42 കോടി ആളുകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് ഗവണ്മെന്റ് പറയുന്നത്. സൗജന്യ അരി കരിഞ്ചന്തയിലേക്ക് പോകുന്നത് പതിവാണ്. സൗജന്യമായി കിട്ടുന്ന അരി പുറത്ത് മറിച്ചുവിൽക്കുന്നവരുമുണ്ട്. ഇതൊക്കെ തടയാനായി അരിയോടൊപ്പം പരിപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടി ഇന്ദിര കിറ്റ് എന്ന പേരിൽ വിതരണം ചെയ്യാനാണ് ഗവണ്മെന്റ് തീരുമാനമെന്നും രണ്ടുമാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ എച്ച് മുനിയപ്പ പറഞ്ഞു. 6000കോടി ചെലവ് പ്രതീക്ഷിക്കുന്ന ഇന്ദിര കിറ്റ് സൗജന്യ പദ്ധതിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. സംസ്ഥാനത്ത് 22000 ന്യായവില ഷോപ്പുകളുണ്ട്. അവയുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്താൻ സിസി ടിവികൾ സ്ഥാപിക്കും. സൗജന്യ കിറ്റുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കും. താസിൽദാർമാർക്കാണ് ഇതിന്റെ മേൽനോട്ട ചുമതല.ഏഴുലക്ഷത്തിലേറെ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്ര ഗവണ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു കാർഡ് പോലും സംസ്ഥാനം ഇതുവരെ റദ്ദാക്കിയിട്ടില്ല. ബി പി എൽ വിഭാഗത്തിൽ പെടുന്നവരുടെ വാർഷിക വരുമാനം 1.2 ലക്ഷത്തിൽ നിന്നും രണ്ടര ലക്ഷമാക്കാനുള്ള പ്രൊപോസൽ ഗവൺമെന്റിന്റെ പരിഗണനയിലുണ്ട്" മുനിയപ്പ സൂചിപ്പിച്ചു.
Photo Courtesy - Google











