08:05am 29 April 2026
NEWS
മാപ്പ് പറഞ്ഞില്ലെങ്കിൽ ഉപരോധം: കമലാഹാസനെതിരെ കർണാടകം
29/05/2025  11:24 AM IST
വിഷ്ണുമംഗലം കുമാർ
മാപ്പ് പറഞ്ഞില്ലെങ്കിൽ ഉപരോധം: കമലാഹാസനെതിരെ കർണാടകം

 ബംഗളുരു: മതം, ജാതി, ഭാഷ എന്നിവയെപ്പറ്റിയുള്ള സാധാരണ പരാമർശങ്ങൾ പോലും വൻവിവാദമായി മാറുന്ന കാലമാണിത്. മതവും ഭാഷയുമൊക്കെ ആളുകൾക്ക് ചേരിതിരിഞ്ഞ്  പോരടിക്കാനുള്ള വിഭവങ്ങളായി തീർന്നിരിക്കുന്നു. പക്വതയില്ലായ്മയും സമചിത്തതയുടെ അഭാവവും സമൂഹത്തിന്റെ സകല മേഖലകളിലും വർധിച്ചുവരികയാണ്. ഭാഷയുമായി ബന്ധപ്പെട്ട വിവാദക്കുരുക്കിൽ ചെന്നുപെട്ടിരിക്കുകയാണ് ബഹുഭാഷാതാരവും രാഷ്ട്രീയക്കാരനുമായ കമലാഹാസൻ. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രമോഷൻ മീറ്റിനിടയിൽ അദ്ദേഹം നടത്തിയ ഒരു പരാമർശമാണ് കന്നഡിഗരെ പ്രകോപിപ്പിച്ചത്. ചെന്നൈയിലെ പ്രമോഷൻ മീറ്റിൽ കമലിനോടൊപ്പം കന്നഡതാരം ശിവരാജ്കുമാറും ഉണ്ടായിരുന്നു. " എന്റെ ജീവിതവും കുടുംബവും തമിഴാണ്. ആ കുടുംബത്തിലെ  അംഗമാണ് കന്നഡക്കാരനായ ഇദ്ദേഹവും. തമിഴിൽ നിന്ന് പിറവികൊണ്ടതാണ് കന്നഡ ഭാഷ " ഇതായിരുന്നു കമലാഹാസന്റെ പരാമർശം. അത് കർണാടകത്തിൽ വിവാദമായി. കന്നഡഭാഷാ സംഘടനകൾ പ്രതിഷേധിച്ചു. " ദീർഘകാലത്തെ ചരിത്രവും സാംസ്‌കാരിക പൈതൃകവുമുള്ള ഭാഷയാണ് കന്നഡ. പാവം കമലഹാസന് അതൊന്നുമറിയില്ല " മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. " കന്നഡഭാഷയെ അപമാനിച്ചതിന് കമലാഹാസൻ മാപ്പുപറയണം. ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഫിലിം ചേമ്പറിനോട് ആവശ്യപ്പെടും " സാംസ്‌കാരിക മന്ത്രി ശിവരാജ് തെങ്ങഡാഗി മുന്നറിയിപ്പ് നൽകി. " അഭിനയിക്കാനും പണമുണ്ടാക്കാനും അദ്ദേഹത്തിന് ഞങ്ങളുടെ ഭാഷ വേണം. എന്നിട്ട് പബ്ലിസിറ്റിയ്ക്ക് വേണ്ടി അപമാനിക്കുകയും ചെയ്യുന്നു. അത് അനുവദിക്കാനാവില്ല " മന്ത്രി കുറ്റപ്പെടുത്തി. വിവാദത്തെ തുടർന്ന് തഗ് ലൈഫിന്റ ബംഗളുരുവിലെ പ്രമോഷൻ മീറ്റ് കമലാഹാസൻ ഒഴിവാക്കി. മീറ്റ് അലങ്കോലപ്പെടുത്താൻ കന്നഡ ഭാഷാസംഘടനകൾ പരിപാടിയിട്ടിരുന്നു. "ശിവരാജ്കുമാറിനോട് സ്നേഹത്തോടെ പറഞ്ഞ കാര്യമാണ് വിവാദമാക്കിയത്. ആശയക്കുഴപ്പമുണ്ടാക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. ഭാഷകളെ കുറിച്ച് പണ്ഡിതന്മാർ എന്നെ പഠിപ്പിച്ചിട്ടുണ്ട്. സ്നേഹം ക്ഷമാപണംനടത്തില്ല"  കമലാഹാസൻ വ്യക്തമാക്കി. "എല്ലാവരെയും ഉൾക്കൊള്ളുന്ന നാടാണ് തമിഴ്നാട്. ഇവിടെ മേനോനും റെഡ്‌ഡിയ്ക്കും മുഖ്യമന്ത്രിയാകാം" അദ്ദേഹം കൂട്ടിച്ചേർത്തു. ശിവരാജ് കുമാർ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കന്നഡ ഭാഷാസംഘടനകൾ. തനിക്ക് ഏറെ പ്രിയങ്കരനായ താരമാണ് കമലാഹാസനെന്നും അദ്ദേഹം കെട്ടിപ്പിടിച്ചതിന്റെ സുഖം നഷ്ടപ്പെടാതിരിക്കാൻ മൂന്നു ദിവസം കുളിച്ചിട്ടില്ലെന്നും ശിവരാജ് കുമാർ പറഞ്ഞത് വിവാദത്തിന് മുമ്പാണ്. ക്യാൻസർ രോഗത്തിൽ നിന്നും വിമുക്തി നേടി അദ്ദേഹം അഭിനയലോകത്തേക്ക് തിരിച്ചെത്തിയിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. വിവാദത്തെ കുറിച്ച് പ്രതികരിക്കാൻ സൗമ്യശീലനായ ശിവരാജ് കുമാർ ഇതുവരെ തയ്യാറായിട്ടില്ല. കമലാഹാസൻ മാപ്പ് പറയണമെന്ന് കർണാടക സർക്കാർ തന്നെ ആവശ്യപ്പെട്ടത് ഭാഷാവാദികൾക്ക് ഊർജ്ജം പകർന്നിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img