05:00pm 09 November 2026
NEWS
പതിനെട്ട് ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് സസ്പെൻഡ്‌ ചെയ്ത നടപടി കർണാടക സ്പീക്കർ പിൻവലിച്ചു.
26/05/2025  11:26 AM IST
വിഷ്ണുമംഗലം കുമാർ
പതിനെട്ട് ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് സസ്പെൻഡ്‌ ചെയ്ത നടപടി കർണാടക സ്പീക്കർ പിൻവലിച്ചു

ബംഗളുരു: രണ്ടുമാസം മുമ്പാണ് സ്പീക്കർ യു ടി ഖാദർ പതിനെട്ട് ബിജെപി എംഎൽഎമാരെ സസ്പെൻഡ്‌ ചെയ്തത്. മാർച്ചിൽ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിൽ താനും ഹണിട്രാപ്പ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് സഹകരണമന്ത്രി കെ എൻ രാജണ്ണ സമ്മതിച്ചിരുന്നു. ഒരു മുതിർന്ന മന്ത്രി തന്നെ ഹണി ട്രാപ്പിന് ഇരയായിട്ടുണ്ടെന്ന് ബിജെപി അംഗം ബസന ഗൗഡ പാട്ടീൽ യത് നാൽ തുറന്നടിച്ചതിനെ തുറന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. താൻ മാത്രമല്ല നാൽപത്തഞ്ചോളം നേതാക്കൾ ഹണി ട്രാപ്പ് ഇരകളാണെന്ന് മന്ത്രി പറഞ്ഞത് വൻ വിവാദത്തിന് വഴിതെളിച്ചു. കോൺഗ്രസ്സിലെ ഒരു പ്രമുഖ നേതാവാണ് ഹണി ട്രാപ്പ് രാഷ്ട്രീയത്തിന്റെ പിന്നിലെന്ന സൂചന പ്രതിപക്ഷം ആയുധമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ ബഹളം വെച്ചു. ഏതാനും ബിജെപി അംഗങ്ങൾ സ്പീക്കറുടെ ഇരിപ്പിടത്തിന്റെ സമീപമെത്തി ആക്രോശിക്കുകയും കടലാസുകൾ വലിച്ചുകീറുകയും ചെയ്തതോടെ സഭ നിയന്ത്രണം വിട്ടു. ആ സാഹചര്യത്തിലാണ് ബിജെപി ചീഫ് വിപ്പ് ദൊഡ്ഡണ്ണ ഗൗഡ പാട്ടീൽ, മുൻ മന്ത്രിമാരായ സി എൻ അശ്വത് നാരായൺ, ബൈരതി ബസവരാജ് ഉൾപ്പെടെ പതിനെട്ടു ബിജെപി അംഗങ്ങളെ സ്പീക്കർ യു ടി ഖാദർ ആറുമാസത്തേക്ക് സസ്പെൻഡ്‌ ചെയ്തത്. സ്പീക്കർ തീരുമാനത്തിൽ ഉറച്ചുനിന്നത് ഗവണ്മെന്റും പ്രതിപക്ഷവും തമ്മിലുള്ള വടംവലിയ്ക്ക് കാരണമായി.ബജറ്റ് സമ്മേളനം തീരുംവരെ സഭ ബഹളമയമായിരുന്നു. ബിജെപി സഭയ്ക്ക് പുറത്ത് പ്രതിഷേധയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ സഭയ്ക്ക് പുറത്ത് ഹണിട്രാപ്പ് ആരോപണത്തോട് തണുത്ത പ്രതികരണമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായി കൂടിയായ മന്ത്രി രാജണ്ണ കൈക്കൊണ്ടത്. വിവരങ്ങൾ പുറത്തുവിടാനോ വിശദീകരണം നൽകാനോ അദ്ദേഹം തയ്യാറായില്ല. ഹണി ട്രാപ്പ് ആരോപണം തേഞ്ഞു മാഞ്ഞുപോയി. അതിനിടെ യത് നാളിനെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. എം എൽ എമാരുടെ സസ്പെൻഷൻ പിൻവലിപ്പിക്കാനുള്ള ശ്രമം തുടർന്നുപോന്നു. ഗവർണ്ണറും ഇടപെട്ടിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, നിയമമന്ത്രി എച്ച് കെ പാട്ടീൽ, പ്രതിപക്ഷ നേതാവ് ആർ അശോക് എന്നിവർ സ്പീക്കറുടെ ചേമ്പറിൽ വെച്ച് നടത്തിയ കൂടിയാലോചനയെ തുടർന്ന് സസ്പെൻഷൻ പിൻവലിക്കാൻ സ്പീക്കർ തീരുമാനിച്ചു.  "സസ്പെൻഡ്‌ ചെയ്യപ്പെട്ട അംഗങ്ങൾ എന്റെ ശത്രുക്കളല്ല. അവരുടെ വൈകാരിക പ്രകടനത്താൽ സഭ സുഗമമായി നടത്തിക്കൊണ്ടുപോകാൻ സാധിക്കാതെ വന്നതിനാലാണ് ഏതാനും അംഗങ്ങളെ സസ്പെൻഡ്‌ ചെയ്യേണ്ടിവന്നത്. മുതിർന്ന നേതാക്കളുടെ അഭിപ്രായം കണക്കിലെടുത്ത് സസ്പെൻഷൻ പിൻവലിക്കുകയാണ്. സഭ നന്നായി നടത്തിക്കൊണ്ടുപോകാൻ ഭരണ-പ്രതിപക്ഷ അംഗങ്ങൾ മേലിലും സഹകരിക്കണം " സ്പീക്കർ അഭ്യർത്ഥിച്ചു. രണ്ടുമാസത്തിന് ശേഷമാണ് സസ്പെൻഷൻ പിൻവലിക്കുന്നത്. സ്പീക്കറുടെ നടപടി പ്രതിപക്ഷനേതാവ് അശോക് സ്വാഗതം ചെയ്തു. ഇത് മുമ്പേ ആകാമായിരുന്നെന്ന് എന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img