
ദോഹ: ഇന്ത്യൻ എംബസിക്ക് കീഴിലുള്ള അനുബന്ധ സംഘടനയായ കർണാടക സംഘ ഖത്തർ (KSQ), 'കായകവേ കൈലാസ' (ജോലിയാണ് ആരാധന) എന്ന സന്ദേശമുയർത്തി വിപുലമായ രീതിയിൽ തൊഴിലാളി ദിനം ആഘോഷിച്ചു. മൻസൂറയിലെ പേളിംഗ് സ്പോർട്സ് അക്കാദമിയിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് തൊഴിലാളികളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു.കർണാടക സംഘത്തിന്റെ പുതിയ മാനേജ്‌മെന്റ് കമ്മിറ്റി (2026–2028) അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ പ്രധാന പരിപാടിയായിരുന്നു ഇത്. കെ.എസ്.ക്യൂ പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബാഗെലു അധ്യക്ഷത വഹിച്ചു. ഖത്തറിലെ തൊഴിലാളികൾക്ക് ഇതൊരു 'വീടിന് അകലെയുള്ള വീടായി' മാറുമെന്ന് അദ്ദേഹം സ്വാഗത പ്രസംഗത്തിൽ ഉറപ്പുനൽകി.ഇന്ത്യൻ എംബസി കൗൺസിലർ ഡോ. വൈഭവ് താണ്ഡലെ, ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ സ്പെഷ്യലിസ്റ്റ് ഖാലിദ് അബ്ദുൾ റഹ്മാൻ ഫക്രു, ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ എ.പി, ഐ.സി.സി അഡ്വൈസറി ചെയർപേഴ്സൺ പി.എൻ ബാബുരാജൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഖത്തറിന്റെ വികസനത്തിൽ തൊഴിലാളികൾ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ നേതാക്കൾ പ്രശംസിച്ചു.
വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. കാന്തരാജ് ക്ലാസ് എടുത്തു.പരിപാടിയിൽ തൊഴിലാളികൾക്ക് വാട്ടർ കൂളർ ബോട്ടിലുകൾ വിതരണം ചെയ്തു.നിരവധി തൊഴിലാളികൾക്ക് ഐ.സി.ബി.എഫ് (ICBF) ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി.ഐ.സി.ബി.എഫ്, ഐ.എസ്.സി തുടങ്ങിയ വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും കർണാടക അധിഷ്ഠിത സംഘടനകളുടെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. കെ.എസ്.ക്യൂ ജനറൽ സെക്രട്ടറി സുജിത് കുമാർ നന്ദി രേഖപ്പെടുത്തി. കേക്ക് മുറിച്ചും കമ്മ്യൂണിറ്റി ഡിന്നറോടെയുമാണ് ആഘോഷങ്ങൾ അവസാനിച്ചത്.










