11:21am 30 April 2026
NEWS
'കർണാടകവിപ്ലവം' ബീഹാർ ഇലക്ഷന് ശേഷം; മന്ത്രിസഭ അഴിച്ചുപണിയും
09/10/2025  12:05 PM IST
വിഷ്ണുമംഗലം കുമാർ
കർണാടകവിപ്ലവം  ബീഹാർ ഇലക്ഷന് ശേഷം; മന്ത്രിസഭ അഴിച്ചുപണിയും

ഒക്ടോബറിൽ വിപ്ലവം നടക്കുമെന്ന് തുറന്നടിച്ച കർണാടകമന്ത്രി കെ എൻ രാജണ്ണ മന്ത്രിസഭയ്ക്ക് പുറത്താണ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറേണ്ടിവരുമെന്ന് സിദ്ധരാമയ്യയ്‌ക്ക് ഹൈക്കമാണ്ടിൽ നിന്ന് കിട്ടിയ സൂചനയാണ് അദ്ദേഹത്തിന്റെ ആത്മസുഹൃത്തായ രാജണ്ണയിൽ നിന്ന് ഏതാനും മാസം മുമ്പ് പുറത്തുവന്നത്. എന്നാൽ ഒക്ടോബർ വന്നെത്തും മുമ്പേ, മറ്റൊരു കാരണത്താൽ രാജണ്ണ മന്ത്രിസഭയിൽനിന്നും പുറത്താവുകയാണുണ്ടായത്. രാജണ്ണയെ രക്ഷിക്കാനായില്ലെങ്കിലും സ്വന്തം കസേര സംരക്ഷിക്കാൻ സിദ്ധരാമയ്യ ജാതി സെൻസസ് എന്ന വജ്രായുധം ഉപയോഗിച്ചു.അതിനാൽ ഒക്ടോബറിലോ നവമ്പറിലോ വിപ്ലവം നടക്കുകയില്ലെന്ന് മാത്രമല്ല, കാലാവധി പൂർത്തിയാകുംവരെ സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുകയും ചെയ്യും. എന്നാൽ ബീഹാർ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ കർണാടക മന്ത്രിസഭ അഴിച്ചുപണിഞ്ഞേക്കും. പകുതിയോളം മന്ത്രിമാർ മാറാൻ സാധ്യതയുണ്ട്. രണ്ടുമന്ത്രിസ്ഥാനങ്ങൾ ഒഴിഞ്ഞുകിടപ്പുണ്ട്. രാജണ്ണയെ തിരിച്ചുകൊണ്ടുവരാൻ സിദ്ധരാമയ്യ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. സിദ്ധരാമയ്യയുടെ വിശ്വസ്തരെ മാറ്റി സ്വന്തം അനുയായികളെ മന്ത്രിസഭയിലെത്തിക്കാനുള്ള ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നീക്കത്തിന് ഹൈക്കമാണ്ടിന്റെ ഗ്രീൻ സിഗ് നൽ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിസ്ഥാനം തന്നെ ഡി കെ യ്‌ക്ക് നൽകാമെന്ന് സോണിയ ഗാന്ധി വീണ്ടും വാഗ്ദാനം നൽകിയതായും വാർത്തയുണ്ട്. 2017 ൽ ഇഡി കേസ്സിൽ പെട്ട് ഡി കെ ഡൽഹി ജയിലിലായിരുന്നപ്പോൾ പുറത്തിറങ്ങുന്ന ദിവസം നേരിട്ടെത്തി പിസിസി അധ്യക്ഷ പദവി സമ്മാനിച്ചത് സോണിയ ഗാന്ധിയായിരുന്നു. ആ പദവിയും ഉപമുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ഡി കെ വഹിച്ചുപോരുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിക്കസേര സിദ്ധരാമയ്യ വിട്ടുകൊടുക്കുകയില്ല. അദ്ദേഹത്തെ മാറ്റുക എളുപ്പവുമല്ല. വിപ്ലവം മന്ത്രിസഭാ അഴിച്ചുപണിയിൽ ഒതുങ്ങാനാണ് സാധ്യത.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img