
ബംഗളുരു: കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ, വിവരസാങ്കേതികവിദ്യയുടെ വികാസവുമായി ബന്ധപ്പെട്ട് പുതിയൊരു തൊഴിലാളിവിഭാഗം ഉയർന്നുവന്നിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ് ഫോമുകൾക്കുവേണ്ടി ഫീൽഡിൽ പ്രവർത്തിക്കുന്നവരാണിവർ. ഭക്ഷണസാധനങ്ങളും മറ്റും വീടുകളിലേക്ക് എത്തിക്കുന്ന ഡെലിവറി ബോയ്സ്, ഓൺലൈൻ ടാക്സികൾ ഓടിക്കുന്നവർ, വിവരശേഖരണത്തിനും സാധന സാമഗ്രികളുടെ വില്പനയ്ക്കുമായി വീടുകളും ഓഫീസുകളും കയറിയിറങ്ങുന്നവർ, കൊറിയർമാർ തുടങ്ങിയവരൊക്കെ ഈ തൊഴിലാളിവിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. നാം അവരെ ഗിഗ് വർക്കേഴ്സ് എന്നുവിളിക്കുന്നു. പാർട്ട് ടൈമായോ ഫുൾടൈമായോ താത്കാലിക ജോലി ചെയ്യുന്നവരെയാണ് പൊതുവിൽ ഗിഗ് വർക്കേഴ്സ് എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ പുതിയ കാലത്ത് ഇതൊരു താത്കാലിക ജോലിയല്ല. നിലവിലെ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരാത്ത, വളരെ ക്ലേശമേറിയതെങ്കിലും ഒട്ടും തന്നെ സുരക്ഷിതത്വമോ അടിസ്ഥാന സൗകര്യങ്ങളോ സമയക്രമമോ ഇല്ലാത്ത ജോലിയാണ്. അനേകം യുവജനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. വലിയ നഗരങ്ങളിലാണ് ഗിഗ് വർക്കേഴ്സിന്റെ എണ്ണത്തിൽ വൻവർദ്ധനവ് അനുഭവപ്പെടുന്നത്. ബംഗളുരുവിൽ നാലുലക്ഷത്തിലേറെ ഗിഗ് വർക്കേഴ്സ് ഉണ്ടെന്നാണ് ഏകദേശ കണക്ക്. കുറെയൊക്കെ സംഘടിതരാണെങ്കിലും ഈ തൊഴിൽമേഖലയിൽ പണിയെടുക്കുന്നവർ ഒട്ടും സുരക്ഷിതരല്ല. തൊഴിൽനിയമങ്ങളുടെ ആനുകൂല്യം ഇവർക്ക് ലഭിക്കുന്നുമില്ല. ഗിഗ് വർക്കേഴ്സിന്റെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിടുന്ന പ്ലാറ്റ് ഫോം ബെയിസ്ഡ് ഗിഗ് വർക്കേഴ്സ് ( സോഷ്യൽ സെക്യൂരിറ്റി ആൻഡ് വെൽഫെയർ) ബിൽ കർണാടക നിയമസഭ പാസ്സാക്കി. പ്രതിപക്ഷമായ ബിജെപിയിലെ അംഗങ്ങളും ബില്ലിനെ അനുകൂലിച്ചു. തൊഴിൽമന്ത്രി സന്തോഷ് ലാഡ് ആണ് ബിൽ അവതരിപ്പിച്ചത്. ഗിഗ് വർക്കേഴ്സിന്റെ ക്ഷേമബോർഡ് രൂപീകരിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. തൊഴിലാളികളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും ബോർഡിൽ രജിസ്റ്റർ ചെയ്യണം. ബോർഡിൽ തൊഴിലാളികളുടെ നാല് പ്രതിനിധികളുണ്ടാവും. പ്ലാറ്റ്ഫോമുകളുടെയും പൊതുജനങ്ങളുടെയും പ്രതിനിധികളെയും ഉൾപ്പെടുത്തും. ബോർഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്താനായി ഗിഗ് വർക്കേഴ്സ് പ്രവർത്തിക്കുന്ന കമ്പനികളുടെ സേവനത്തിന് അഞ്ചു ശതമാനം വരെ സെസ് ഏർപ്പെടുത്താൻ ബില്ലിൽ വ്യവസ്ഥയുണ്ട്. ആമസോൺ, പ്ലീപ്കാർട്ട്, ഉബർ, ഒല തുടങ്ങിയ കമ്പനികൾക്കാണ് സെസ് ഏർപ്പെടുത്തുക. ഗവണ്മെന്റ് ക്ഷേമ ബോർഡിലേക്ക് നിശ്ചിതതുക നൽകും. തൊഴിൽപരമായ യാതൊരു സുരക്ഷിതത്വവുമില്ലാതെ കഠിനാധ്വാനം ചെയ്യുന്നവരാണ് ഗിഗ് വർക്കേഴ്സ് എന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. രാപ്പകൽ ഭേദമില്ലാതെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ഗിഗ് വർക്കേഴ്സ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. അന്തരീക്ഷമലിനീകരണമുള്ള ഇടങ്ങളിലൂടെ ഇവർക്ക് അടിയ്ക്കടി സഞ്ചരിക്കേണ്ടിവരും. പതിനെട്ട് മണിക്കൂർ ജോലിചെയ്താൽ ഇവർക്ക് ലഭിക്കുന്ന പരമാവധി ദിവസവരുമാനം 1800 രൂപയാണ്. പല ദിവസങ്ങളിലും അതിന്റെ പകുതി പോലും കിട്ടില്ല. ചുരുങ്ങിയത് ഇരുപത്തിയഞ്ച് ഓർഡറുകൾ പൂർത്തീകരിക്കുകയോ സേവനങ്ങൾ നടത്തുകയോ ചെയ്യണമെന്ന് നിർബന്ധമുണ്ട്. നീതി അയോഗിന്റെ റിപ്പോർട്ട് പ്രകാരം 2029-30 ആകുമ്പോഴേക്കും ഗിഗ് വർക്കേഴ്സിന്റെ എണ്ണം 2.35 കോടിയായി വർധിക്കുമെന്ന് നിയമസഭയെ അറിയിച്ചു. ബംഗളുരുവിൽ വൻവർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല വിദേശരാജ്യങ്ങളിലും പ്രാബല്യത്തിലുള്ള ഗിഗ് വർക്കേഴ്സ് ക്ഷേമപദ്ധതി നമ്മുടെ രാജ്യത്ത് ആദ്യമായി നിലവിൽ വരുന്നത് കർണാടകത്തിലാണ്. പതിനായിരത്തിലേറെ തൊഴിലാളികൾ ഇതിനകം ഗിഗ് വർക്കേഴ്സ് ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മൂന്നു മാസം മുമ്പ് ഗവണ്മെന്റ് കൊണ്ടുവന്ന ഓർഡിനൻസാണ് ഇപ്പോൾ നിയമമാകുന്നത്.
Photo Courtesy - Google











