08:00pm 15 May 2026
NEWS
സാമ്പത്തികസ്ഥിതിയ്ക്ക് ജീവൻ നൽകുന്ന എക്സൈസ് വകുപ്പ് അഴിമതിയുടെ കൂടാരമെന്ന് കർണാടകത്തിലെ പ്രതിപക്ഷം
03/02/2026  11:20 AM IST
വിഷ്ണുമംഗലം കുമാർ
സാമ്പത്തികസ്ഥിതിയ്ക്ക് ജീവൻ നൽകുന്ന എക്സൈസ് വകുപ്പ് അഴിമതിയുടെ കൂടാരമെന്ന് കർണാടകത്തിലെ പ്രതിപക്ഷം

കർണാടകത്തിലെ നിയമസഭാ സമ്മേളനത്തിന് തീപ്പിടിക്കുകയാണ്. തൊഴിലുറപ്പ് നിയമത്തിൽ കേന്ദ്രം കൊണ്ടുവന്ന മാറ്റം ചർച്ചയാക്കാനാണ് ഭരണകക്ഷിയായ കോൺഗ്രസ്സ് ലക്ഷ്യമിട്ടതെങ്കിലും മുഖ്യ പ്രതിപക്ഷമായ ബിജെപി ഉയർത്തിയ എക്സൈസ് വകുപ്പിലെ ആരോപണങ്ങളുടെ ചൂടിൽ അതൊക്കെ ആവിയായിപ്പോയി. സംസ്ഥാനത്തെ സാമ്പത്തികാവസ്ഥക്ക് ജീവൻ നൽകുന്ന എക്സൈസ് വകുപ്പ് അഴിമതിയുടെ കൂടാരമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കൈക്കൂലി കൈപ്പറ്റുമ്പോൾ നാല് എക്സൈസ് ജീവനക്കാരെ ലോകായുക്ത ഈയിടെ അറസ്റ്റുചെയ്തിരുന്നു. വകുപ്പിലെ അഴിമതി കുംഭകോണം 2500 കോടിയ്ക്ക് മുകളിലാണെന്നും എക്സൈസ് മന്ത്രി ആർ ബി തിമ്മപ്പുർ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. "ദളിതനാകയാൽ താൻ നോട്ടപ്പുള്ളിയാണെന്നും ദളിതരായ മുൻ മന്ത്രിമാർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി തിരിച്ചടിച്ചു." മന്ത്രിയ്ക്കെതിരെ ആവശ്യത്തിലേറെ തെളിവുകളുണ്ട്. കൈക്കൂലിയുടെ കണക്കെഴുതാൻ പ്രതിമാസ കാർഡുകൾ ഉണ്ടെന്ന കാര്യം പുറത്തുവന്നിട്ടുണ്ട്. താങ്കൾ രാജിവെച്ച് അന്വേഷണം നേരിടണം " നിയമനിർമ്മാണ കൗൺസിലിൽ പ്രതിപക്ഷ നേതാവ് ചലുവഡി നാരായണസ്വാമി ആവശ്യപ്പെട്ടു. വകുപ്പിലെ സ്ഥലംമാറ്റത്തിന് രണ്ടുകോടി വരെ കൈക്കൂലി നൽകേണ്ട അവസ്ഥയാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു . ഇതേ ആരോപണം കഴിഞ്ഞ വർഷം സംസ്ഥാന മദ്യവ്യാപാരികളുടെ സംഘടനയും ഉന്നയിച്ചിരുന്നു.  "മാസന്തോറും എക്സൈസ് വകുപ്പിൽ നിന്ന് ഹഫ്ത പിരിക്കുന്നത് പരസ്യമായ രഹസ്യമാണ്. ഈ പണമൊക്കെ മന്ത്രിയ്ക്കാണ് പോകുന്നത്. മദ്യശാലകളുടെ ലൈസൻസ് പുതുക്കുന്നതിൽ വൻഅഴിമതിയുണ്ട്" നിയമസഭയിൽ പ്രതിപക്ഷ നേതാവ് ആർ അശോക് ആരോപിച്ചു. അറുനൂറോളം മദ്യശാലകളുടെയും ബാറുകളുടെയും മരവിച്ചു കിടക്കുന്ന  ലൈസൻസുകൾ ലേലത്തിൽ വെക്കാൻ ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. 500 കോടി മുതൽ 800 കോടി വരെ അതിലൂടെ സംഭരിക്കാനാണ് ഗവണ്മെന്റ് ലക്ഷ്യമിട്ടത്. എന്നാൽ ഹൈക്കോടതിയുടെ ധാർവാഡ ബെഞ്ച് അത് താത്കാലികമായി തടഞ്ഞിരിക്കുകയാണ്. പഴയ ലൈസൻസുകൾ രണ്ടുകോടിയ്ക്കാണ് ഇപ്പോൾ വിറ്റുപോകുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img