
ഓൺലൈൻ സ്ഥാപനങ്ങളായ ഉബർ, ഒല, റാപിഡോ, നമ്മ യാത്രി എന്നിവയാണ് ടാക്സിക്കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ യാത്രാസേവനങ്ങൾ നിയന്ത്രിക്കുന്നത്. ആവശ്യക്കാർ അവരുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പിൽ നിന്ന് കാറോ ഓട്ടോയോ ബുക്ക് ചെയ്താൽ നിമിഷങ്ങൾക്കകം വാഹനം വന്നെത്തും. പോകേണ്ടിടത്ത് എത്തിച്ചേരാനെടുക്കുന്ന സമയം, നിരക്ക് തുടങ്ങിയവ യാത്രക്കാരന് മുൻകൂട്ടി അറിയാൻ സാധിക്കുമെന്നതിനാൽ നിരക്കിനെപ്പറ്റിയുള്ള തർക്കം ഒഴിവാകുന്നു. യാത്രയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഡിജിറ്റലിൽ രേഖപ്പെടുത്തുന്ന ഓൺലൈൻ ടാക്സി സംവിധാനം ഏറെ സൗകര്യപ്രദമാണ്. ആവശ്യമനുസരിച്ച് കാറിന്റെ വലുപ്പം, എ സി തുടങ്ങിയവയൊക്കെ യാത്രക്കാരന് മുൻകൂട്ടി തീരുമാനിക്കാം എന്നുതന്നെയല്ല, ഒന്നിലേറെ സ്ഥാപനങ്ങളുടെ ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്താൽ സൗകര്യപൂർവ്വം ബുക്ക് ചെയ്യാം. വാഹനം യാത്രക്കാരൻ കാത്തുനിൽക്കുന്നിടത്തേക്ക് (കറന്റ് ലോക്കഷൻ) വരും. വാഹനം വരുന്ന വഴിയും എടുക്കുന്ന സമയവും ബുക്ക് ചെയ്യുന്ന ആളുടെ മൊബൈലിൽ കാണാനാവും. വാഹനം താമസിച്ചാൽ ക്യാൻസൽ ചെയ്യാം. വാഹനം എത്തിച്ചേരേണ്ട സമയം മുൻകൂട്ടി തീരുമാനിച്ച് ബുക്ക് ചെയ്യാനും കഴിയും. ബംഗളുരുവിൽ തൊണ്ണൂറ്റിയഞ്ച് ശതമാനം ടാക്സി കാറുകളും ഓട്ടോറിക്ഷകളും ഓൺലൈൻ സംവിധാനത്തിലാണ് സർവീസ് നടത്തുന്നത്. രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലെ സ്ഥിതിയും വിഭിന്നമല്ല. ബംഗളുരുവിൽ 2013 ൽ ഉബർ ആണ് ഈ സംവിധാനം ആദ്യമായി ഏർപ്പെടുത്തിയത്. ഒല പിന്നാലെ വന്നു. തുടർന്ന് മറ്റു സ്ഥാപനങ്ങളും. ഒന്നര ലക്ഷത്തിലധികം കാറുകളും രണ്ടുലക്ഷത്തോളം ഓട്ടോറിക്ഷകളും ബംഗളുരുവിൽ ഓൺലൈൻ ടാക്സികളായി സർവ്വീസ് നടത്തുന്നുണ്ട്. അതിനിടയിലാണ് റാപ്പിഡ് പോലുള്ള സ്ഥാപനങ്ങൾ ബൈക്കുകളും ടാക്സികളായി ഓടിക്കാനാരംഭിച്ചത്. ബൈക്ക് സ്വന്തമായുള്ള നിരവധി യുവാക്കൾ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഈ രംഗത്തേക്ക് കടന്നു. ഒരാൾക്കേ ഡ്രൈവറേ കൂടാതെ ബൈക്കിൽ സഞ്ചരിക്കാൻ കഴിയുകയുള്ളുവെങ്കിലും നിരക്ക് താരതമ്യേന കുറവ്, വേഗത്തിൽ എത്തേണ്ടിടത്ത് ചെന്നുചേരാൻ കഴിയും എന്നീ പ്രത്യേകതകളുള്ള ബൈക്ക് ടാക്സികൾ വളരെ പെട്ടെന്ന് പോപ്പുലറായി. കാറുകളുടെയും ഓട്ടോറിക്ഷകളുടെയും ബിസിനസ്സിനെ ബൈക്ക് ടാക്സികളുടെ വരവ് ബാധിച്ചു. സമ്മർദ്ദങ്ങളുടെ ഫലമായി ബൈക്കുകൾ ടാക്സികളായി ഓടിക്കാൻ പാടില്ല എന്ന നിലപാടാണ് കർണാടക ഗവണ്മെന്റ് എടുത്തത്. തർക്കം കോടതിയിലെത്തിയപ്പോൾ ആവശ്യമായ നിയമം നിർമിക്കാൻ ഗവണ്മെന്റിന് നിർദ്ദേശം നൽകിയിട്ട് കഴിഞ്ഞ വർഷം ജൂണിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബൈക്ക് ടാക്സികൾ നിരോധിച്ചു. വാഹനങ്ങളുടെ ലൈസൻസ് നൽകുന്നതും മറ്റും കേന്ദ്ര ഗവണ്മെന്റ് ആയതിനാൽ കർണാടകത്തിന് നിയമം നിർമ്മിക്കാനായില്ല. മറ്റു പല സംസ്ഥാനങ്ങളിലും ബൈക്കുകൾ ടാക്സികളായി ഓടുന്നുണ്ട് താനും. ഇക്കൊല്ലം ജനവരിയിൽ ഹൈക്കോടതി നിരോധനം പിൻവലിച്ചതോടെ ആയിരക്കണക്കിന് ബൈക്കുകളും സ്കൂട്ടറുകളും ബംഗളുരുവിൽ ടാക്സികളായി റോഡുകളിലിറങ്ങി. ഓട്ടോഗ്യാസുകൾക്ക് ക്ഷാമമായതിനാൽ ഓട്ടോ റിക്ഷകൾക്ക് ഓട്ടം കുറഞ്ഞിരിക്കുകയാണ്. അത് മുതലെടുക്കുന്ന ബൈക്കുകൾക്ക് ഈയിടെയായി ചാകരയാണ്. സമ്മർദ്ദം വർദ്ധിച്ചതിനാൽ ബൈക്ക് ടാക്സികളുടെ അനുമതി റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കർണാടക ഗവണ്മെന്റ്.
Photo Courtesy - Google









