
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിലും എച്ച്ഐവി പരിശോധനയും കൗൺസിലിങ് സേവനങ്ങളും സംഘടിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി എല്ലാ കോളജുകളിലും എച്ച്ഐവി ബോധവൽക്കരണ ക്യാംപുകൾ നിർബന്ധമായും നടത്തും.
നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ റിപ്പോർട്ട് പ്രകാരം എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കർണാടക. സംസ്ഥാനത്ത് നിലവിൽ ഏകദേശം 2.60 ലക്ഷം പേർ എച്ച്ഐവിയുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരിൽ 2.05 ലക്ഷം പേർ മാത്രമാണ് ചികിത്സയിൽ ഉള്ളത്. 54,000-ത്തിലധികം പേർക്ക് തങ്ങൾ രോഗബാധിതരാണെന്ന കാര്യം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നത് ആരോഗ്യവകുപ്പിന്റെ പ്രധാന ആശങ്കയാണ്.
18 മുതൽ 35 വയസ്സ് വരെയുള്ള യുവാക്കളിലാണ് രോഗബാധ ഏറ്റവും വേഗത്തിൽ ഉയരുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2023-24ൽ ഈ പ്രായവിഭാഗത്തിലെ രോഗബാധിതരുടെ എണ്ണം 44,500 ആയിരുന്നതിൽ നിന്ന് 2025-26ൽ 66,600 ആയി വർധിച്ചു. കൂടാതെ, ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 18 മുതൽ 25 വയസ് വരെയുള്ള 7,000-ത്തിലധികം വിദ്യാർഥികളിൽ പുതുതായി എച്ച്ഐവി സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് കോളജ് വിദ്യാർഥികൾക്കിടയിൽ എച്ച്ഐവി സംബന്ധിച്ച അവബോധം വർധിപ്പിക്കാനും രോഗം നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനുമായി സംസ്ഥാന സർക്കാർ പരിശോധനയും കൗൺസിലിങ്ങും വ്യാപകമാക്കാൻ തീരുമാനിച്ചത്.











