
ബെംഗളൂരു: ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് കരുതി സംസ്കരിച്ച ഗൃഹനാഥന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. തുമകുരു സ്വദേശിയായ പരമേഷ് (50) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവത്തിൽ പരമേഷിന്റെ ഭാര്യ ആശ (46)യും രണ്ടാം ഭർത്താവ് ചന്ദ്രപ്പ (48)യും അറസ്റ്റിലായി.
ജനുവരി 29നാണ് കൂലിപ്പണിക്കാരനായ പരമേഷ് മരിച്ചത്. ഭർത്താവിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച ആശ, അടുത്ത ദിവസം തന്നെ സംസ്കാരചടങ്ങുകൾ നടത്തുകയായിരുന്നു. എന്നാൽ പരമേഷ് മരിച്ച് 20 ദിവസങ്ങൾക്കു ശേഷം ഫെബ്രുവരി 19ന് ആശ കാമുകനായ ചന്ദ്രപ്പയെ വിവാഹം കഴിച്ചതോടെ കുടുംബാംഗങ്ങൾക്ക് സംശയം തോന്നി.
പരമേഷിന്റെ സഹോദരിമാർ പൊലീസിൽ നൽകിയ പരാതിയിൽ ആശ ഭർത്താവിനെ മുമ്പും ഉപദ്രവിച്ചിരുന്നുവെന്നും ശരീരത്തിൽ പാടുകൾ കാണപ്പെട്ടിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇതിനെ തുടർന്നാണ് പൊലീസ് കേസ് അന്വേഷിക്കാൻ തുടങ്ങിയത്.
തഹസിൽദാറുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ ശ്വാസം മുട്ടി മരിച്ചതിന്റെ തെളിവുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മദ്യപിച്ച് ഉറങ്ങിക്കിടന്ന പരമേഷിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി.
സംഭവം സ്വാഭാവിക മരണമെന്നായി തോന്നിപ്പിക്കാൻ പ്രതികൾ സംഭവസ്ഥലം കൃത്രിമമായി ഒരുക്കിയതായും പൊലീസ് വ്യക്തമാക്കി. ഇരുവരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.











