
മാവോയിസ്റ്റുകൾക്ക് കീഴടങ്ങാനുള്ള അവസരം നൽകാനാണ് കർണാടക ഗവണ്മെന്റ് പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും പുനരധിവാസ പദ്ധതി ആവിഷ്കരിക്കുകയും ചെയ്തത്. നേതാവായ വിക്രംഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ ചിക്കമംഗളൂർ വനാന്തരങ്ങളിൽ കഴിഞ്ഞിരുന്ന മാവോയിസ്റ്റുകൾ ശിഥിലമായിരുന്നു. ഒരു മുൻ മാവോയിസ്റ്റ് മുൻകൈയെടുത്ത് നടത്തിയ ചർച്ചകളുടെ ഫലമായി കഴിഞ്ഞ മാസം നാലുസ്ത്രീകൾ ഉൾപ്പെടെ ആറു മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. ഒരാൾ കാട്ടിൽ അവശേഷിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കൊടെഹൊണ്ട രവീന്ദ്ര (44) എന്ന പോരാളിയാണ് കീഴടങ്ങിയവരുമായുള്ള അഭിപ്രായ വ്യത്യാസം മൂലം കൂട്ടംതെറ്റി കാട്ടിൽ ഒളിവിൽ കഴിഞ്ഞത്. ഇയാളുടെ പേരിൽ 27 കേസ്സുകളുണ്ട്. 13 കേസുകൾ കർണാടകത്തിലെ ചിക്കമംഗളൂരിലും ബാക്കി തമിഴ് നാട്ടിലും കേരളത്തിലുമാണ്. തെക്കൻ കർണാടകത്തിലെ കിഗ്ഗയ്ക്ക് സമീപം കൊടെഹൊണ്ട ഗ്രാമമാണ് രവീന്ദ്രയുടെ സ്വദേശം. ചിക്കമംഗളൂർ എസ് പി വിക്രം അമദെയുടെ ഓഫീസിൽ എത്തിയ രവീന്ദ്രയെ കളക്ടർ മീര നാഗരാജിന്റെ മുമ്പാകെ ഹാജരാക്കിയാണ് കീഴടങ്ങൽ നടപടികൾ പൂർത്തീകരിച്ചത്. രവീന്ദ്രയ്ക്ക് 7.5 ലക്ഷം രൂപ സഹായധനമായി ലഭിക്കും. അതിന് പുറമെ നൈപുണ്യ പരിശീലനവും നൽകും. പരിശീലന കാലയളവിൽ അഞ്ചായിരം രൂപ മാസന്തോറും അലവൻസായി നൽകും. രവീന്ദ്ര കീഴടങ്ങിയതോടെ കർണാടകം മാവോയിസ്റ്റ് മുക്തമായെന്ന് എസ് പി പറഞ്ഞു.
Photo Courtesy - Google











