
ബംഗളുരു: സമ്പന്ന സംസ്ഥാനമായ കർണാടകവും വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താൻ കഴിയാതെ കുഴങ്ങുകയാണ്. വികസനപദ്ധതികൾ പലതും മുടങ്ങിക്കിടക്കുകയാണ്. ഗവണ്മെന്റ് ജോലിയ്ക്കുള്ള റിക്രൂട്ട്മെന്റ് നിലച്ചിരിക്കുകയാണ്. തൊഴിലില്ലായ്മ കുതിച്ചുയരുന്നു. ജോലി ആവശ്യപ്പെട്ടുകൊണ്ട് ഇക്കഴിഞ്ഞ ദിവസം ഓൾ കർണാടക സ്റ്റുഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ആയിരക്കണക്കിന് യുവാക്കളാണ് പങ്കെടുത്തത്. രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കിക്കൊണ്ടായിരുന്നു അഭ്യസ്ത വിദ്യരായ യുവാക്കളുടെ പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വാഗ്ദാനം ചെയ്ത അഞ്ചു സൗജന്യങ്ങൾ നിറവേറ്റാനുള്ള ബാധ്യതയും ശമ്പളം, പെൻഷൻ എന്നിവയും മറ്റു ക്ഷേമപദ്ധതികളും വായ്പാപലിശയുമാണ് ഗവണ്മെന്റിന്റെ വരുമാനം കവർന്നെടുക്കുന്നത്. സാമ്പത്തിക ഞെരുക്കം രൂക്ഷമായി അനുഭവപ്പെടുന്നു. വികസന പദ്ധതികൾ സ്തംഭിക്കുന്നു. ഒരുവശത്ത് തൊഴിലില്ലായ്മ വർധിക്കുമ്പോൾ മറുവശത്ത് ആവശ്യത്തിന് ജീവനക്കാരില്ലാതെ പല സർക്കാർ വകുപ്പുകളും ചക്രശ്വാസം വലിക്കുന്നു. ഒഴിവുകൾ ഉടൻ നികത്തുമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അവകാശപ്പെടുന്നത്. ബുദ്ധിമുട്ടുണ്ടെങ്കിലും സൗജന്യങ്ങൾ തുടരുമെന്നാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രഖ്യാപനം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സർക്കാർ വകുപ്പുകളിലും കോർപറേഷനുകളിലും രണ്ടുലക്ഷത്തോളം ഒഴിവുകൾ ഉണ്ടാകുമെന്നും അവയൊക്കെ നികത്തപ്പെടാത്ത തസ്തികകളുടെ പട്ടികയിലേക്ക് ചേർക്കപ്പെടുമെന്നും കർണാടക ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി എസ് ശേഷാദ്രി വെളിപ്പെടുത്തി. 4.09 ലക്ഷം കോടിയുടെ ബജറ്റാണ് കഴിഞ്ഞ വർഷം (2025-26) ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അവതരിപ്പിച്ചത്. ശമ്പളവും പെൻഷനും നൽകാൻ വേണ്ടിവന്നത് 1.23515 ലക്ഷം കോടിയാണ്. മൊത്തവരുമാനത്തിന്റെ ഏതാണ്ട് മുപ്പത് ശതമാനം. വായ്പകളുടെ തിരിച്ചടവ്, പലിശ എന്നിവയ്ക്ക് 45600 കോടി, അഞ്ചു സൗജന്യ വാഗ്ദാനങ്ങൾ നിറവേറ്റാൻ 51034 കോടി, മറ്റു ക്ഷേമപദ്ധതികൾക്ക് 42018 കോടി എന്നിങ്ങനെ പണം മാറ്റിവെക്കേണ്ടിവന്നതിനാലാണ് നിലവിലുള്ള വികസനപദ്ധതികൾ തുടരാൻ കഴിയാതെയും പുതിയ പദ്ധതികൾ ഏറ്റെടുക്കാനാവാത്തെയും വന്നത്. അർഹതപ്പെട്ട വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഇടയ്ക്കിടെ ആരോപിക്കുന്നുണ്ട്. അടുത്ത ആഴ്ചയാണ് പുതിയ ബജറ്റ് അവതരിപ്പിക്കേണ്ടത്. അതിൽ എന്ത് മാന്ത്രികവിദ്യയാണ് സിദ്ധരാമയ്യ പ്രയോഗിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് വിമര്ശകരും പൊതുസമൂഹവും.
Photo Courtesy - Google











