08:59am 24 August 2026
NEWS
കർണാടകം ചേരികളുടെ നാട്; പരിമിത സൗകര്യത്തിൽ കോളനി ജീവിതം നയിക്കുന്നത് നാൽപ്പതര ലക്ഷം ജനങ്ങൾ
21/03/2026  10:48 AM IST
വിഷ്ണുമംഗലം കുമാർ
കർണാടകം ചേരികളുടെ നാട്; പരിമിത സൗകര്യത്തിൽ കോളനി ജീവിതം നയിക്കുന്നത് നാൽപ്പതര ലക്ഷം ജനങ്ങൾ

വികസനം, പുരോഗതി, കുതിച്ചുചാട്ടം എന്നൊക്കെ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും കർണാടകം ഇപ്പോഴും പാവപ്പെട്ടവരുടെ നാടാണ്. സംസ്ഥാനമൊട്ടാകെ 3025 ചേരികളുണ്ടെന്നും അവിടങ്ങളിൽ 40.50 ലക്ഷം ആളുകൾ താമസിക്കുന്നുണ്ടെന്നും ഭവന മന്ത്രി സമീർ അഹ്‌മദ്‌ ഖാൻ നിയമനിർമാണ കൗൺസിലിൽ വെളിപ്പെടുത്തി. കോൺഗ്രസ്സ് അംഗം സി കെ ഗോവിന്ദരാജിന്റെ ഒരു ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽ ചേരികളുള്ളത് ബംഗളുരു അർബൻ ജില്ലയിലാണ്. 425 ചേരികൾ. അന്തേവാസികളുടെ എണ്ണം 15.36 ലക്ഷം. ചേരികളുടെ കാലികമായ നവീകരണത്തിന് ചുരുങ്ങിയത് 500 കോടി രൂപ ആവശ്യമാണെന്നും അക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയനേതാക്കളാണ് ചേരികൾ നിയന്ത്രിക്കുന്നത്. പല ചേരികളും ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വോട്ടുബാങ്കുകളാണ്. 2866 ചേരികൾക്കെ അംഗീകാരമുള്ളുവെന്നും 159 ചേരികൾ അനധികൃതമാണെന്നും മന്ത്രി പറഞ്ഞു. ചേരികളിലെ പരിമിതമായ സാഹചര്യത്തിലാണ് പല കുടുംബങ്ങളും തലമുറകളായി കഴിയുന്നത്. ആ ഹതഭാഗ്യരുടെ ജീവിതം ചേരികളിലെ ദുരിത സാഹചര്യത്തിൽ ആരംഭിക്കുകയും അവിടെത്തന്നെ അവസാനിക്കുകയും ചെയ്യുന്ന പ്രവണതയാണ് തുടരുന്നത്. ചേരികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ബെളഗാവി ജില്ലയ്ക്കാണ്. 252 ചേരികൾ. ചേരികൾ ഏറ്റവും കുറവ് കുടക് ജില്ലയിലാണ്, വെറും പത്തു ചേരികൾ മാത്രമാണ് ഈ ജില്ലയിലുള്ളത്. കുടകിലെ സംസ്കാരവും ജീവിതശൈലിയും മറ്റു ജില്ലക്കാരിൽ നിന്ന് തികച്ചും വിത്യസ്തമാണ്. തൊട്ടുകിടക്കുന്ന കേരളത്തോടാണ് കുടകിന് സാദൃശ്യം. ധാരാളം മലയാളികൾ കുടകിൽ കുടിയേറി സ്വന്തമായി വീടുവെച്ച് താമസിക്കുന്നുണ്ട്. അതുപോലെ കേരളാതിർത്തിയിലുള്ള ഉഡുപ്പി (17) ദക്ഷിണ കന്നഡ (26) ജില്ലകളിലും ചേരികൾ കുറവാണ്. ചേരികൾ നവീകരിക്കാനുള്ള ബ്രഹത്തായ പദ്ധതികളുമായാണ് ഭവനമന്ത്രി സമീർ അഹ്‌മദ്‌ ഖാൻ മുന്നോട്ടുപോകുന്നത്. എന്നാൽ സംസ്ഥാന ഗവണ്മെന്റ് സാമ്പത്തിക ഞെരുക്കത്തിൽ ശ്വാസംമുട്ടുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പദ്ധതികൾ എത്രത്തോളം പ്രാവർത്തികമാകും എന്ന് കണ്ടറിയേണ്ടതുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img