06:07pm 17 June 2026
NEWS
ആർ എസ്‌ എസ്സിനെതിരെ വീണ്ടും കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ.
17/06/2026  11:50 AM IST
വിഷ്ണുമംഗലം കുമാർ
ആർ എസ്‌ എസ്സിനെതിരെ വീണ്ടും കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ

ബംഗളുരു: ആർ എസ്‌ എസ്സുമായി വീണ്ടും ഏറ്റുമുട്ടുകയാണ് കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ മകനും ഇപ്പോൾ കർണാടകത്തിൽ ആഭ്യന്തരമന്ത്രിയുമായ പ്രിയങ്ക് ഖാർഗെ. മുമ്പും ആർഎസ്എസ്സിനെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. സംഘടനയുടെ നിയമപരമായ സ്ഥിതി എന്താണ്? എന്തുകൊണ്ടാണ് രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്നത്? സംഭാവനകൾ എവിടെ നിന്നൊക്കെ ലഭിക്കുന്നു, എന്താണ് വരുമാനമാർഗ്ഗം - ഇവയൊക്കെ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആർ എസ്‌ എസ്‌ സർസംഘ ചാലക് ഡോക്ടർ മോഹൻ ഭാഗവതിന് കത്തയച്ചിരിക്കുകയാണ് പ്രിയങ്ക് ഖാർഗെ. നൂറുവർഷത്തെ സേവനപ്രവർത്തനം പൂർത്തിയാക്കിയ ആർ എസ്‌ എസ്സിനെ അഭിനന്ദിക്കുന്ന കത്തിലാണ് അദ്ദേഹം മേൽകാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. "ദേശീയതലത്തിൽ 60000 ശാഖകളുള്ള ആർ എസ്‌ എസ്സിന് കർണാടകത്തിൽ ദിവസവും പ്രവർത്തിക്കുന്ന 4127 ശാഖകളും 1389 ആഴ്ചാ ടിസ്ഥാനത്തിലുള്ള കൂടിക്കാഴ്‌ചാ സങ്കേതങ്ങളും മാസത്തിലൊരിക്കൽ കൂടിച്ചേരലുകളും പ്രവർത്തനവും നടക്കുന്ന 60 കേന്ദ്രങ്ങളുമുണ്ട്. സംഘടനയുടെ വലുപ്പവും സ്വാധീനവും പ്രവർത്തനങ്ങളും പരിഗണിക്കുമ്പോൾ ഭരണഘടനാപരമായ സുതാര്യത പാലിക്കേണ്ടതിന്റെയും കണക്ക് പറയാനുള്ള ബാധ്യതയുടെയും അനിവാര്യത വ്യക്തമാണ്." കത്തിൽ ചൂണ്ടിക്കാട്ടുന്നു. " "ആർ എസ്‌ എസ്സ് 19.61 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് 2194 സമാജോത്സവങ്ങളും യുണിഫോറം ധരിച്ച 2.21 ലക്ഷം പേർ പങ്കുകൊണ്ട 562 റൂട്ട് മാർച്ചുകളും നടത്തിയിട്ടുണ്ട്. ഇതൊക്കെ കാണിക്കുന്നത് സംഘടനയുടെ വൈപുല്യമാണ്. എത്ര പഴക്കമുള്ളതും വലുതും സ്വാധീനമേറിയതുമാണെങ്കിലും ഭരണഘടനാനുസൃതവും ജനാധിപത്യപരവുമായ ബാധ്യതകളിൽ നിന്ന് ഒളിച്ചോടാനാവില്ല. എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും കണക്കുകൾ വെളിപ്പെടുത്തണമെന്നും ഖാർഗെ ആവശ്യപ്പെടുന്നു. എന്നാൽ ആർ എസ്‌ എസ്സിന് ഒന്നും ഒളിക്കാനില്ലെന്നും പ്രവർത്തനങ്ങളെല്ലാം സുതാര്യമാണെന്നും ഡോക്ടർ മോഹൻ ഭാഗവത് പ്രതികരിച്ചു. "രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നതൊക്കെ രാഷ്ട്രീയതന്ത്രമാണ്. ജനങ്ങളിൽ സംശയം ജനിപ്പിക്കുകയാണ് അത്തരം പരാതികൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യം. അത് സാധ്യമാകില്ല. കാരണം ആർ എസ്‌ എസ്‌ ഒരു രഹസ്യ സംഘടനയല്ല. ഹിന്ദു ധർമ്മം രജിസ്റ്റർ ചെയ്ത ഒന്നല്ല. അങ്ങനെ രജിസ്റ്റർ ചെയ്യാത്ത പലതുമുണ്ട്. സർക്കാരിൽ നിന്ന് ഫണ്ട് ലഭ്യമാക്കാൻ ആഗ്രഹിക്കുന്നവരാണ് രജിസ്റ്റർ ചെയ്യുന്നത്. ഞങ്ങൾക്ക് സർക്കാർ ഫണ്ട് ആവശ്യമില്ല. സർക്കാരിന് അതറിയാം ". മോഹൻ ഭാഗവത് വിശദമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img