09:50am 30 April 2026
NEWS
ശ്രീ ശ്രീ രവിശങ്കറിന് എതിരായ ഭൂമികയ്യേറ്റക്കേസിന്റെ എഫ് ഐ ആർ കർണാടക ഹൈക്കോടതി റദ്ദാക്കി
27/03/2026  11:19 AM IST
വിഷ്ണുമംഗലം കുമാർ
ശ്രീ ശ്രീ രവിശങ്കറിന് എതിരായ ഭൂമികയ്യേറ്റക്കേസിന്റെ എഫ് ഐ ആർ കർണാടക ഹൈക്കോടതി റദ്ദാക്കി

മനുഷ്യ ദൈവങ്ങളെയോ ആദ്ധ്യാത്മിക ഗുരുക്കന്മാരെയോ എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന നിലപാടല്ല, ഒരുതരത്തിൽ നിരീശ്വര വാദിയായ സിദ്ധരാമയ്യ ഭരിക്കുന്ന കർണാടകം അനുവർത്തിച്ചുപോരുന്നത്. ആ സാഹചര്യത്തിലാണ് ആർട്ട്‌ ഓഫ് ലിവിങ് കേന്ദ്രത്തിന്റെ തലവനും ആധ്യാത്മിക ആചാര്യനുമായ ശ്രീ ശ്രീ രവിശങ്കർ ഭൂമി കയ്യേറ്റക്കേസിൽ പ്രതിയായത്. ബംഗളുരു കനകപുര റോഡിലുള്ള ആർട്ട്‌ ഓഫ് ലിവിങ് ആസ്ഥാനത്തോട് ചേർന്നുള്ള സർക്കാർ ഭൂമി രവിശങ്കറും സഹായികളും കയ്യേറി എന്നാണ് ബംഗളുരു മെട്രോ പൊളിറ്റൻ ദൗത്യസേന പരാതിപ്പെട്ടത്. രവിശങ്കറുമായി രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസവും സിദ്ധരാമയ്യ ഗവണ്മെന്റിനുണ്ട്. ബിജെപിയോട് ചായ് വുള്ള സ്വാമിയാണ് രവിശങ്കർ. സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ടെന്നും അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും ഗവണ്മെന്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. രവിശങ്കറും അപ്പീലുമായെത്തി. കയ്യേറ്റം നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ഡിവിഷൻ ബെഞ്ച് പരാതി തീർപ്പാക്കി. തുടർന്നാണ് രണ്ടുവർഷം മുമ്പ് രവിശങ്കറെയും മറ്റു നാലുപേരെയും പ്രതികളാക്കി മെട്രോ പൊളിറ്റൻ ദൗത്യസേന എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അതിനെതിരെ രവിശങ്കർ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജനവരി 13 ന് ഹൈക്കോടതി കേസ് സ്റ്റേ ചെയ്തു. അതിന്റെ തുടർച്ചയായാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഇന്നലെ എഫ് ഐ ആർ റദ്ദാക്കിയത്. 'സത്യമേവ ജയതേ' ഇതായിരുന്നു വിധി വന്നപ്പോൾ ആർട്ട്‌ ഓഫ് ലിവിങ് ആസ്ഥാനത്തിന്റെ ചുമതലക്കാരുടെ പ്രതികരണം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img