
വ്യത്യസ്തവും ന്യായയുക്തവുമായ വിധികളിലൂടെ ശ്രദ്ധേയനായ ന്യായാധിപനാണ് കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് എം നാഗപ്രസന്ന. അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ ഒരു വിധിപ്രസ്താവം നിയമ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്. സഹപാഠിയായ പെൺകുട്ടിയെ വ്യാജ വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ കേസ്സിലാണ് കൃഷ്ണ ജെ റാവു അറസ്റ്റിലായത്. അയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ച പിതാവ് ബിജെപി നേതാവും പുത്തൂർ നഗരസഭ അംഗവുമായ ജഗൻവിലാസ് റാവുവിനെയും പോലീസ് പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ഒപ്പം പഠിച്ചിരുന്ന നിർധന കുടുംബത്തിലെ പെൺകുട്ടിയെയാണ് കൃഷ്ണ ഗർഭിണിയാക്കിയത്. കഴിഞ്ഞ വർഷം ജൂൺ 28 ന് ആ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകി. കൃഷ്ണ ജെ റാവു തിരിഞ്ഞുനോക്കാതിരുന്നതിനാ ലാണ് പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും ബലാത്സംഗകുറ്റത്തിന് കേസെടുക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിയും പിതാവും അപ്പീലുമായി ഹൈക്കോടതിയിൽ എത്തിയത്. പ്രതികൾക്ക് നാണക്കേട് ഉണ്ടാക്കും വിധം പെൺകുട്ടിയും കുടുംബവും മാധ്യമങ്ങളെ സമീപിക്കുന്നതിൽ നിന്നും അവരെ വിലക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിരുന്നു. ഉഭയസമ്മത പ്രകാരമാണ് ലൈംഗികബന്ധം നടന്നതെന്ന കാര്യം ഹൈക്കോടതി സമ്മതിച്ചു. കുഞ്ഞിന്റെ പിതാവ് കൃഷ്ണ ജെ റാവുവാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിവാഹവാഗ്ദാനം ഉണ്ടായിട്ടുണ്ടോ എന്ന് തെളിയേണ്ടതുണ്ട്. ഇരുപതുകാരിയായ പെൺകുട്ടിയുടെ ജീവിതം തുലഞ്ഞു. ആ കുഞ്ഞിന്റെ അവസ്ഥയെന്താണ്? വളരെ പാവപ്പെട്ട കുടുംബമാണ് പെൺകുട്ടിയുടേത്. അച്ഛൻ കൂലിപ്പണിക്കാരനാണ്. കേസ് തീരുന്നതു വരെ മാസം 50000 രൂപവീതം പ്രതി പെൺകുട്ടിക്ക് ജീവിതച്ചെലവായി നൽകട്ടെ"കോടതി ഉത്തരവിട്ടു. തുക കുറക്കാമോ എന്ന പ്രതിഭാഗം വക്കീലിന്റെ ചോദ്യം ജസ്റ്റിസ് നാഗപ്രസന്നയെ അരിശം കൊള്ളിച്ചു. ആ പാവപ്പെട്ട പെൺകുട്ടിക്ക് നിങ്ങൾ എത്രയാ വിലയിട്ടത്? ജഡ്ജി ആരാഞ്ഞു. തുക കുറക്കുകയല്ല വർധിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. കേസ് തീരുന്നതുവരെ പെൺകുട്ടിയ്‌ക്ക് ഓരോ മാസവും എഴുപത്തയ്യായിരം രൂപ ജീവിതചെലവായി നൽകണമെന്നും ആദ്യ ഗഡു മെയ് ഒന്നിന് മുമ്പായി പെൺകുട്ടിയുടെ ബാങ്ക് അക്കൗണ്ടിൽ അടച്ച് കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് നാഗപ്രസന്ന ഉത്തരവിട്ടു. കേസ്സ് തീരുംവരെ മാധ്യമങ്ങൾക്ക് വിവരം നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കോടതി പെൺകുട്ടിയുടെ കുടുംബത്തിന് നിർദ്ദേശം നൽകിയിട്ടുമുണ്ട്.
Photo Courtesy - Google










