
കർണാടകം: ഇക്കഴിഞ്ഞ ഏപ്രിൽ 25 നാണ് ബംഗളുരുവിലെ സംഗീത നിശയ്ക്കിടയിൽ നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ പ്രശസ്ത ഗായകനും അഭിനേതാവുമായ സോനു നിഗം കുരുക്കിലായത്. ഈസ്റ്റ് പോയിന്റ് എഞ്ചിനീയറിങ് കോളേജിലായിരുന്നു സംഗീത പരിപാടി. മോഡേൺ റാഫി എന്നറിയപ്പെടുന്ന സോനു നിഗം ഹിന്ദി ഗാനങ്ങളുമായി കത്തിക്കയറുന്നതിനിടയിൽ കന്നഡപാട്ടുകൾ പാടണമെന്ന് കാണികളിൽ ചിലർ ആവശ്യപ്പെട്ടത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ആവശ്യം ശക്തമായപ്പോൾ അദ്ദേഹം നടത്തിയ പരാമർശമാണ് പ്രശ്നമായത്. 'ഇതൊക്കെ കൊണ്ടാണ് പെഹൽഗാമുകൾ ഉണ്ടാകുന്നത്' എന്നായിരുന്നു ഗായകന്റെ പരാമർശം. അത് വലിയ വിവാദമായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞു. ക്ഷമാശീലരായ കന്നഡിഗരെ അപമാനിക്കുന്നതും അവരുടെ വികാരം വൃണപ്പെടുത്തുന്നതുമാണ് ഗായകന്റെ പരാമർശം എന്ന അഭിപ്രായമാണ് ശക്തിപ്പെട്ടത്. കന്നഡ രക്ഷണ വേദിഗെ എന്ന സംഘടനയുടെ ഭാരവാഹി ധർമ്മരാജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആവലഹള്ളി പോലീസ് കേസ്സെടുത്തതോടെ സോനു നിഗം വെട്ടിലായി. വിശദീകരണം നൽകി കേസ്സിൽ നിന്ന് തലയൂരാനുള്ള ഗായകന്റെ ശ്രമം വിജയിച്ചില്ല. കന്നഡ സിനിമാലോകവും അദ്ദേഹത്തിന് എതിരായി. റിലീസ് ചെയ്യാനിരിക്കുന്ന കുലദല്ലി കീല്യാവുദോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗമിന്റെ ഗാനം ഒഴിവാക്കപ്പെട്ടു. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിൽ സോനു നിഗമിനെ ഉൾപ്പെടുത്തുകയില്ലെന്ന് ഫിലിം ചേമ്പർ പ്രഖ്യാപിച്ചു. ആ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്ന അപേക്ഷയുമായി സോനുനിഗം ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരനോടും എതിർകക്ഷിയോടും തെളിവുകൾ ഹാജരാക്കാൻ നിർദ്ദേശിച്ച വെക്കേഷൻ ജഡ്ജ് ശിവശങ്കർ അമരനവർ കേസ് പരിഗണിക്കുന്നത് നാളേക്ക് മാറ്റി.
Photo Courtesy - Google











