
ബംഗളുരു: ബെലഗാവിയിലെ ശൈത്യ കാല സമ്മേളനത്തിൽ കർണാടക നിയമസഭ പാസ്സാക്കിയ ഏഴു ബില്ലുകൾക്ക് ഗവർണർ താവർ ചന്ദ് ഗെലോട്ട് അംഗീകാരം നൽകി. എന്നാൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിദ്വേഷ പ്രസംഗ നിരോധന ബില്ലിന് ഗവർണർ അംഗീകാരം നൽകുകയോ ആ ബിൽ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. മതത്തിന്റെയോ ജാതിയുടെയോ പേരിൽ ഒരാളെ വിദ്വേഷ പ്രസംഗത്തിലൂടെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും തടയാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ബില്ലാണിത്. ഈ ബിൽ നിയമസഭയിൽ ചർച്ചയ്ക്ക് വന്നപ്പോൾ തന്നെ അതിന്റെ ഉള്ളടക്കം ലക്ഷ്യമിടുന്നത് മുഖ്യ പ്രതിപക്ഷമായ ബിജെപിയെ ആണെന്ന ആരോപണം ഉയർന്നിരുന്നു. പ്രസ്തുത ബിൽ ഗവർണർ പിടിച്ചുവെച്ചു എന്ന് പറയാനാവില്ല. എന്നാൽ അതിതുവരെ തിരിച്ചയച്ചിട്ടില്ല. ഒരുപക്ഷെ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് വിടാനിടയുണ്ട്. കർണാടക ടാങ്ക് കൺസർവേഷൻ ഡവലപ്പ്മെന്റ്അതോറിറ്റി ബിൽ ഗവർണർ തിരിച്ചയച്ചിട്ടുണ്ട്. തടാകങ്ങളുടെ ബഫർ സോണിന്റെ പരിധി കുറക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഈ ബിൽ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനത്തിന് പാത്രമായിരുന്നു. ഗവർണർ അംഗീകാരം നൽകിയ കർണാടക തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ, ഗ്രേറ്റർ ബംഗളുരു അതോറിറ്റി( ജിബിഎ) രണ്ടാം ഭേദഗതി ബിൽ, കർണാടക ആരോഗ്യ സ്ഥാപന നിയമ ഭേദഗതി ബിൽ, കെംപഗൗഡ ഹെറിറ്റേജ് ഏരിയ ഡവലപ്മെന്റ് അതോറിറ്റി ഭേദഗതി ബിൽ എന്നിവ ഇതിനകം നിയമമായി കഴിഞ്ഞിട്ടുണ്ട്. ഈയിടെയായി ബിജെപിക്കാരനായ ഗവർണറും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സ് ഗവണ്മെന്റും തമ്മിൽ കാര്യമായ ഏറ്റുമുട്ടലൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ഗവണ്മെന്റ് അഭിമാനത്തോടെ പാസ്സാക്കിയ വിദ്വേഷ പ്രസംഗ നിരോധന ബിൽ ഗവർണർ പിടിച്ചുവെച്ചാൽ അത് പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കും.
Photo Courtesy - Google











