
അക്രമികൾ വെട്ടിപരിക്കേൽപ്പിച്ച സർക്കാർ ഉദ്യോഗസ്ഥ ചികിത്സയിലിരിക്കെ മരിച്ചു. കർണാടകയിലാണ് സംഭവം. കർണാടക സാമൂഹിക ക്ഷേമവകുപ്പിലെ സെക്കൻഡ് ഡിവിഷനൽ ഓഫിസറും യാദ്ഗിർ സ്വദേശിനിയുമായ അഞ്ജലി ഗിരീഷ് കമ്പോത്ത് ആണ് കൊല്ലപ്പെട്ടത്. മൂന്നുദിവസം മുൻപാണ് അഞ്ജലി ആക്രമണത്തിനിരയായത്.
അഞ്ജലി ഓഫിസിലേക്കു പോകുമ്പോഴാണ് ഇരുചക്രവാഹനത്തിലെത്തിയ നാലംഗ സംഘം ആക്രമിച്ചത്. അഞ്ജലിയുടെ കാർ തടഞ്ഞുനിർത്തിയ സംഘം മുഖത്തും നെഞ്ചിലും കൈകാലുകളിലും മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ജലി ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരിച്ചത്.
മുൻവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു നിഗമനം. കൊലയാളി സംഘത്തിലെ നാലുപേർ അറസ്റ്റിലായിട്ടുണ്ട്. അഞ്ജലിയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ ഗിരീഷ് കമ്പോത്തിനെ മൂന്നുവർഷം മുൻപ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അതേ സംഘമാണ് അഞ്ജലിയെയും ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു.











