04:26am 11 February 2026
NEWS
കേരളത്തെ മാതൃകയാക്കി കർണാടക ഗവണ്മെന്റ് ചിട്ടി ബിസിനസ്സിലേക്ക്...
09/02/2026  11:46 AM IST
വിഷ്ണുമംഗലം കുമാർ
കേരളത്തെ മാതൃകയാക്കി കർണാടക ഗവണ്മെന്റ് ചിട്ടി ബിസിനസ്സിലേക്ക്

ബംഗളുരു: കർണാടക സംസ്ഥാനത്തിന്റെ കീഴിലുള്ള സ്ഥാപനമാണ് മൈസൂരു സെയിൽസ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന എംഎസ്‌ഐഎൽ. സംസ്ഥാനം നേരിട്ടും  ഏജൻസികൾ വഴിയും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യാനും മാർക്കറ്റിങ് ചെയ്യാനുമായി 1966 ൽ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണിത്. മദ്യവിൽപ്പനയ്ക്കാണ് കുറേക്കാലമായി എംഎസ്‌ഐ എൽ പ്രാധാന്യം നൽകുന്നത്. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എം എസ്‌ ഐ എല്ലിന് കർണാടക സംസ്ഥാനത്തൊട്ടാകെ 27 ശാഖകളും ആയിരത്തോളം റീറ്റൈൽ ഔട്ട്‌ ലെറ്റുകളുമുണ്ട്. ഈ സർക്കാർ സ്ഥാപനം ചിട്ടി വ്യവസായത്തിലേക്ക് പ്രവേശിക്കുകയാണ്. കേരളമാണ് ഈ നീക്കത്തിന് പിന്നിലെ പ്രചോദനം. കേരള ഫിനാൻഷ്യൽ കോർപറേഷന്റെ തലപ്പത്തു പ്രവർത്തിച്ചിട്ടുള്ള ഒരു പ്രമുഖനെ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്. ചിട്ടി നടത്തിപ്പിനായുള്ള പുതിയ സോഫ്റ്റ്‌ വെയർ വ്യവസായമന്ത്രി എം ബി പാട്ടീലിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി സിദ്ധാരമയ്യ പുറത്തിറക്കി. സ്വകാര്യ ചിട്ടി കമ്പനികൾ കൊടികുത്തി വാഴുന്നതിനിടയിലാണ് ഈ സർക്കാർ നീക്കം. ചിട്ടികൾ നല്ല രീതിയിൽ നടത്തി എം എസ്‌ ഐ എല്ലിന്റെ വാർഷിക വിറ്റുവരവ് 5000 കോടിയായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് സിദ്ധാരമയ്യ പറഞ്ഞു. ചിട്ടികളുടെ പ്രമോഷനായി പതിനായിരം ഏജന്റുമാരെ നിയോഗിക്കുമെന്ന് മന്ത്രി പാട്ടീ ൽ വ്യക്തമാക്കി. 2024- 25 സാമ്പത്തിക വർഷം 3882 കോടിയുടെ വിറ്റുവരവും 122 കോടി ലാഭവും എം എസ്‌ ഐ എല്ലിന് ഉണ്ടെന്ന് ചെയർമാൻ പുട്ടരങ്ക ഷെട്ടി വെളിപ്പെടുത്തി. സർക്കാർ ജീവനക്കാർക്കായി മിലിട്ടറി കാന്റീനുകളുടെ മാതൃകയിൽ സ്റ്റോറുകളും കാന്റീനും ആരംഭിക്കാൻ എം എസ്‌ ഐ എല്ലിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img