02:48pm 30 May 2026
NEWS
വീണ്ടും ജാതി സെൻസസിനൊരുങ്ങി കർണാടകം; കേന്ദ്ര സർവ്വേ വേറെയും
13/06/2025  12:25 PM IST
വിഷ്ണുമംഗലം കുമാർ
വീണ്ടും ജാതി സെൻസസിനൊരുങ്ങി കർണാടകം; കേന്ദ്ര സർവ്വേ വേറെയും

 ബംഗളുരു: പിന്നോക്ക വിഭാഗ- ന്യൂനപക്ഷ- ദളിത്‌ കൂട്ടായ്മയായ 'അഹിന്ദ'യാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കരുത്തും പിൻബലവും. 136 അംഗങ്ങളുള്ള കോൺഗ്രസ്സ് നിയമസഭാകക്ഷിയിൽ അഹിന്ദയ്ക്കാണ് ഭൂരിപക്ഷം. അതുകൊണ്ടാണ് വിവാദങ്ങൾ പലതുണ്ടായിട്ടും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തീവ്രശ്രമം നടത്തിയിട്ടും സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ കഴിയാത്തത്. മുഖ്യമന്ത്രിക്കസേര അരക്കിട്ടുറപ്പിക്കാനാണ് ജാതി സെൻസസ് റിപ്പോർട്ട് നടപ്പിലാക്കാൻ സിദ്ധരാമയ്യ ആവർത്തിച്ചു പരിശ്രമിക്കുന്നത്. അഹിന്ദ വിഭാഗത്തിന് അനുകൂലമായ ഒട്ടേറെ ഘടകങ്ങൾ ഗവണ്മെന്റിന്റെ കൈവശമുള്ള റിപ്പോർട്ടിലുണ്ട്. എന്നാൽ പ്രബല സമുദായങ്ങളായ ലിങ്കായത്തരും വൊക്കലിഗരും ആ റിപ്പോർട്ട് അംഗീകരിക്കുന്നില്ല. ഉപമുഖ്യമന്ത്രി ശിവകുമാർ തന്നെ ആ റിപ്പോർട്ട് നടപ്പിലാക്കരുത് എന്ന അഭിപ്രായക്കാരനാണ്. വൊക്കലിഗര സംഘം മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ച നിവേദനത്തിൽ വൊക്കലിഗ നേതാവ് എന്നനിലയിൽ ശിവകുമാറും ഒപ്പുവെച്ചിരുന്നു. പലതവണ ജാതി സെൻസസ് റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നെങ്കിലും തീരുമാനം കൈക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ആദ്യതവണ മുഖ്യമന്ത്രിയായിരിക്കെ 2015 ൽ സിദ്ധരാമയ്യയാണ് ജാതി സെൻസസ് നടത്താൻ ഉത്തരവിട്ടത്. പക്ഷെ സർവ്വേ പൂർത്തിയായി റിപ്പോർട്ട് തയ്യാറാവുമ്പോൾ അദ്ദേഹം അധികാരത്തിന് പുറത്തായിരുന്നു. തുടർന്നുവന്ന ഗവണ്മെന്റുകൾ ആ റിപ്പോർട്ട് പരിഗണിച്ചിരുന്നില്ല.     രണ്ടാംതവണ മുഖ്യമന്ത്രിയായ ശേഷം കഴിഞ്ഞവർഷമാണ് പിന്നോക്ക വിഭാഗ കോർപറേഷൻ ചെയർമാനിൽനിന്ന് മുഖ്യമന്ത്രി റിപ്പോർട്ട് ഏറ്റുവാങ്ങിയത്. അധ്യാപകർ ഉൾപ്പെടെ ഒരു ലക്ഷത്തോളം സർക്കാർ ജീവനക്കാരാണ് ജാതി സെൻസസ് നടത്താൻ നിയുക്തരായത്. സർവ്വേ പൂർത്തിയാകാൻ മൂന്നു വർഷത്തോളമെടുത്തു.165 കോടി ചെലവായി. അഹിന്ദ വിഭാഗത്തിന് അനുകൂലമായ കണ്ടെത്തലുകളും ശുപാർശകളുമാണ് റിപ്പോർട്ടിലുള്ളത്. അഹിന്ദ വിഭാഗത്തിൽ പെട്ടവരുടെ എണ്ണം വർദ്ധിച്ചു, ലിങ്കായത്ത്, വൊക്കലിഗ സമുദായങ്ങളുടെ എണ്ണം കുറഞ്ഞു എന്നിങ്ങനെയാണ് റിപ്പോർട്ടിലുള്ളത്. ഇത് പ്രബല സമുദായങ്ങൾ അംഗീകരിക്കുന്നില്ല. വസ്തുതാപരമായ വിവര ശേഖരണം നടന്നിട്ടില്ലെന്നും പത്തുവർഷം മുമ്പത്തെ കണക്കുകൾ ഇപ്പോൾ പരിഗണിക്കുന്നത് ശരിയല്ലെന്നുമാണ് അവർ വാദിച്ചത്. ആറരകോടി ജനങ്ങളുള്ളതിൽ 5.89 കോടി ആളുകളുടെ വിവരശേഖരണമേ നടന്നിട്ടുവെന്നും അതുതന്നെ വസ്തുതാപരമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വിട്ടുപോയ 70 ലക്ഷം ആളുകൾ തങ്ങളുടെ സമുദായത്തിൽ പെട്ടവരാണെന്നും അവർ അവകാശപ്പെടുന്നുണ്ട്. അഹിന്ദ വിഭാഗം ജനസംഖ്യയുടെ എഴുപതു ശതമാനം വരുമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. പിന്നോക്ക വിഭാഗങ്ങൾക്ക് നിലവിലുള്ള 36 ശതമാനം സംവരണം 51 ശതമാനമായി ഉയർത്തണമെന്ന ശുപാർശയാണ് പ്രബല വിഭാഗങ്ങളെ വളരെയേറെ ചൊടിപ്പിച്ചത്. മന്ത്രിസഭയിലും നിയമസഭാകക്ഷിയിലും അഭിപ്രായ
ഐക്യം ഉണ്ടാകാത്തതിനാലാണ് സിദ്ധരാമയ്യ പലതവണ സമീപിച്ചിട്ടും ജാതി സെൻസസ് റിപ്പോർട്ട് നടപ്പിലാക്കാൻ കോൺഗ്രസ്സ് ഹൈക്കമാണ്ട് അനുവാദം നൽകാതിരുന്നത്.കേന്ദ്രം ജാതി സെൻസസ് നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ആ വിഷയത്തിൽ ഒരുമുളം നീട്ടിയെറിയാൻ ഒരുങ്ങുകയാണ് സിദ്ധരാമയ്യ. അദ്ദേഹത്തെയും ശിവകുമാറിനെയും ഇക്കഴിഞ്ഞ ദിവസം ഹൈക്കമാണ്ട് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. മറ്റൊരു സർവ്വേ നടത്താൻ ഹൈക്കമാണ്ട് ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. അതുപ്രകാരം മറ്റൊരു ജാതി സെൻസസ് മൂന്നു മാസത്തിനകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റെ ജാതി സെൻസസിന് പുറമെയാണിത്. കോൺഗ്രസ്സ് ഗവണ്മെന്റിന്റേത് വൃഥാവ്യായാമമാണെന്നും അനാവശ്യ ചെലവ് ഒഴിവാക്കണമെന്നും പ്രതിപക്ഷത്തിരിക്കുന്ന ബിജെപി ആവശ്യപ്പെട്ടു. " കേന്ദ്രം ദേശീയതലത്തിൽ ജാതി സെൻസസ് നടത്തുന്ന സാഹചര്യത്തിൽ, ഒരിക്കൽ സർവ്വേ നടത്തി ആ റിപ്പോർട്ട് നടപ്പിലാക്കാൻ സാധിക്കാത്ത സിദ്ധരാമയ്യ വീണ്ടും ജാതി സർവ്വേയ്ക്ക് ഒരുങ്ങുന്നത് കോടികൾ പാഴാക്കാനാണ്. ക്രഡിറ്റ് എടുക്കാൻ വേണ്ടിയുള്ള തരംതാണ ഈ രാഷ്ട്രീയ കളിയിൽ നിന്ന് ഗവണ്മെന്റ് പിന്മാറണം " ബിജെപി ആവശ്യപ്പെട്ടു. എന്നാൽ സിദ്ധരാമയ്യയും ശിവകുമാറും കൈകോർത്ത്‌ പുതിയ സർവ്വേയുമായി മുന്നോട്ട് പോവുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img