
ബംഗളുരു: കമലാഹാസന്റെ ത ഗ് ലൈഫ് എന്ന സിനിമയ്ക്ക് സംസ്ഥാനത്ത് ഒരിക്കലും നിരോധനമേർപ്പെടുത്തിയിട്ടില്ലെന്ന് കർണാടക ഫിലിംചേമ്പർ പ്രസിഡന്റ് നരസിംഹലു വ്യക്തമാക്കി. " ആ സിനിമയുടെ നിർമ്മാതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയിൽനിന്ന് അനുകൂലവിധി കിട്ടാതായപ്പോൾ അവർ ആ സിനിമയുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു" അദ്ദേഹം പറഞ്ഞു. "കന്നഡ ഭാഷയെ അപമാനിക്കുന്ന കമലാഹാസന്റെ പരാമർശം ജനങ്ങളെയും ഗവണ്മെന്റിനെയും വേദനിപ്പിച്ചിരുന്നു. ആ സാഹചര്യത്തിലാണ് കമലാഹാസൻ കർണാടക ജനതയോട് മാപ്പ് പറയണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്" തഗ് ലൈഫ് കർണാടകത്തിൽ പ്രദർശിപ്പിക്കുന്നത് തടയരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് ഫിലിം ചേമ്പറിന്റെ വിശദീകരണം. "ജനക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അനുവദിക്കാനാവില്ല. ഈ രാജ്യത്ത് ഒരു നീതിന്യായ വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. അതിനെതിരെയുള്ള നീക്കം എന്തിന്റെ പേരിലായാലും സമ്മതിച്ചുകൊടുക്കാൻ സാധ്യമല്ല. ഒരാൾ ഒരു പ്രസ്താവന നടത്തിയെങ്കിൽ അതിന് മറ്റൊരു പ്രസ്താവനയിലൂടെയാണ് മറുപടി പറയേണ്ടത്. സെൻസർ ചെയ്ത് പ്രദർശനാനുമതി ലഭിച്ച ഒരു സിനിമ പ്രദർശിപ്പിക്കുന്നത് തടയാൻ ആർക്കും അധികാരമില്ല" ജസ്റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ബംഗളുരു സ്വദേശിയായ എം മഹേഷ് റെഡ്ഢി സമർപ്പിച്ച തഗ് ലൈഫുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുമ്പോൾ അതേപ്പറ്റി വിശദീകരണം ഹാജരാക്കാൻ കർണാടക സർക്കാരിന് ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ആ സിനിമ പ്രദർശിപ്പിക്കാനുള്ള സൗകര്യം ഉറപ്പാക്കണമെന്ന് ബെഞ്ച് കർണാടക സർക്കാരിന് നിർദ്ദേശം നൽകിയത്. ഹൈക്കോടതി കേസ് പരിഗണിച്ച രീതിയിൽ സുപ്രീം കോടതി അസന്തുഷ്ടി പ്രകടിപ്പിച്ചു. പരാതിക്കാരനായ കമലാഹാസൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത് ശരിയായില്ലെന്ന് നിരീക്ഷിച്ച ബെഞ്ച് തഗ് ലൈഫുമായി ബന്ധപ്പെട്ട എല്ലാ കേസ്സുകളും സുപ്രീം കോടതിയിലേക്ക് മാറ്റാൻ ഉത്തരവിട്ടു. "പ്രസ്താവനയ്ക്ക് ഉചിതമായ മറുപടി നൽകാൻ വിദ്യാസമ്പന്നരായ കന്നഡക്കാർക്ക് കഴിയും. അവർ ഈ സിനിമ കാണണമെന്നല്ല ഞങ്ങൾ നിർദ്ദേശിക്കുന്നത്. കാണുന്നതും കാണാതിരിക്കുന്നതും ഓരോരുത്തരുടെ ഇഷ്ടം. പക്ഷെ സിനിമ പ്രദർശിപ്പിക്കുന്നത് തടയാൻ പാടില്ല. സംസ്ഥാന ഗവണ്മെന്റ് അത് ഉറപ്പാക്കണം " ബെഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതി ഉത്തരവ് എല്ലാവരും അനുസരിക്കണമെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രസ്താവിച്ചു. "എല്ലാ സമുദായങ്ങളെയും ഭാഷക്കാരെയും ഉൾക്കൊള്ളുന്ന സംസ്കാരമാണ് നമ്മുടേത്. ബംഗളുരു ഇന്റർനാഷണൽ സിറ്റിയാണ്" ഡി കെ പറഞ്ഞു. എന്നാൽ കമലാഹാസനെതിരെ പ്രതിഷേധിച്ച കന്നഡ രക്ഷണ വേദിഗെയുടെ വക്താവ് മറ്റൊരു കാഴ്ചപ്പാടാണ് മുന്നോട്ടുവെച്ചത്. "തമിഴ്നാട്ടിൽ പോലും തഗ് ലൈഫ് കാണാൻ ആൾക്കാർ ഉണ്ടായിരുന്നില്ല. കർണാടകത്തിലും അതു തന്നെയാണ് സംഭവിക്കുക. ആത്മാഭിമാനമുള്ള ആരും കന്നഡത്തെ അപമാനിച്ച ഒരാളുടെ സിനിമ കാണില്ല. ആ സിനിമ വിതരണം ചെയ്യാൻ ആരും തയ്യാറായിട്ടില്ല. തിയ്യേറ്ററുകളിൽ സിനിമ പ്രദർശിപ്പിച്ചാൽ ആരും കാണാൻ പോകില്ല. സുപ്രീം കോടതി ഉത്തരവിട്ട സ്ഥിതിയ്ക്ക് ഞങ്ങൾ ആരെയും തടയില്ല. എന്നാൽ കമലാഹാസൻ മാപ്പ് പറയണമെന്ന നിലപാടിൽ മാറ്റമില്ല." രക്ഷണ വേദിഗെ വ്യക്തമാക്കി.
Photo Courtesy - Google











