
നേതൃമാറ്റം എന്ന ആവശ്യം കർണാടകത്തിൽ ഉയർന്നുകേട്ടിരുന്നെങ്കിലും കോൺഗ്രസ്സ് ഹൈക്കമാണ്ട് അതിന് വലിയ പരിഗണന കൊടുത്തിരുന്നില്ല. ഈ ടേമിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. മുഖ്യമന്ത്രിയാകാൻ ശക്തമായി കരുനീക്കിയ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അതോടൊപ്പം പി സിസി അധ്യക്ഷ പദവി വഹിക്കുന്നതും തുടർന്നേക്കും. ഗവണ്മെന്റിൽ ഡി കെ യ്‌ക്ക് നല്ല സ്വാധീനമുണ്ട്. സംസ്ഥാനത്ത് പാർട്ടി സംവിധാനം അദ്ദേഹത്തിന്റെ നിയന്ത്രത്തിലുമാണ്. ഒരു തരത്തിൽ നോക്കിയാൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെങ്കിലും പ്രധാന അധികാരശക്തി ഡി കെ യാണെന്ന പ്രതീതി നിലനിൽക്കുന്നുണ്ട്. പക്ഷെ സ്വന്തം അധികാരത്തിൽ കൈകടത്താൻ അനുഭവ സമ്പന്നനും ബുദ്ധിമാനുമായ സിദ്ധരാമയ്യ ഒരു കാരണവശാലും ഡി കെയെ അനുവദിക്കുകയുമില്ല. അഹിന്ദ പിന്തുണയുള്ള അദ്ദേഹം കരുത്തനാണ്. നേതൃമാറ്റമില്ലെങ്കിലും മന്ത്രിസഭയിൽ പുനഃ സംഘടനയാകാമെന്ന്
ഹൈക്കമാണ്ട് സമ്മതിച്ചിട്ടുണ്ട്. നിലവിലുള്ള ചില മന്ത്രിമാർ ഒഴിവാക്കപ്പെടും. പുതിയവർക്ക് അവസരം ലഭിക്കുകയും ചെയ്യും. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ഡൽഹിയിലെത്താൻ സിദ്ധരാമയ്യയോടും ഡി കെ യോടും ഹൈക്കമാണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഡി കെയ്‌ക്ക് പുനഃസംഘടനയോട് അത്ര പ്രതിപത്തിയില്ല. അതോടെ തന്റെ മുഖ്യമന്ത്രി മോഹത്തിനുള്ള വഴികൾ അടയുമെന്ന് അദ്ദേഹത്തിനറിയാം. ക്യാബിനറ്റിൽ രണ്ട് ഒഴിവുകളുണ്ട്. കേസിനെ തുടർന്ന് രാജിവെച്ച പട്ടികവർഗ്ഗ ക്ഷേമ മന്ത്രി ബി നാഗേന്ദ്രയുടെയും രാഹുൽ ഗാന്ധിയുടെ നിലപാടിനെ വിമർശിച്ചു എന്ന കാരണത്താൽ ഹൈക്കമാണ്ടിന്റെ സമ്മർദ്ദം മൂലം സിദ്ധരാമയ്യയ്ക്ക് ഒഴിവാക്കേണ്ടിവന്ന സഹകരണ മന്ത്രി കെ എൻ രാജണ്ണയുടെയും.നാഗേന്ദ്ര പ്രതിയായ കേസ് തുടരുന്നുണ്ട്. തെറ്റിധാരണ മാറിയ സാഹചര്യത്തിൽ രാജണ്ണയ്‌ക്ക് മന്ത്രിസ്ഥാനം തിരിച്ചുകിട്ടിയേക്കും. മന്ത്രി മോഹവുമായി മുപ്പതോളം എം എൽ എമാർ ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഹൈക്കമാണ്ടിന്റെ ഭാഗമായ എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, പ്രധാന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺധീപ് സിംഗ് സുർജെവാല എന്നിവരെ കണ്ട് മന്ത്രിസ്ഥാനം ഉറപ്പിക്കാനാണ് എംഎൽ എമാർ പരിശ്രമിക്കുന്നത്. എം എൽ എമാരെയും സിദ്ധരാമയ്യയോട് കൂറ് പുലർത്തുന്നവരാണ്. ആദ്യതവണ എം എൽ എ ആയവർ തന്നെ 38 പേരുണ്ട്. ആരൊക്കെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെടും ആർക്കൊക്കെ പുതുതായി മന്ത്രിസ്ഥാനം ലഭിക്കുമെന്ന് പറയാനാവില്ല. ഡൽഹിയിൽ പോയി ദേശീയ നേതാക്കളെ കാണുന്നതിൽ തെറ്റില്ലെങ്കിലും അനാവശ്യ പ്രസ്താവനകൾ മാധ്യമങ്ങൾക്ക് നൽകി പ്രശ്നമുണ്ടാക്കിയാൽ കർശനമായ നടപടി നേരിടേണ്ടി വരുമെന്ന് ഡി കെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെയ് ഇരുപതിനാണ് സിദ്ധരാമയ്യ ഗവണ്മെന്റ് മൂന്നുവർഷം പൂർത്തിയാക്കുന്നത്. അതിന് മുമ്പ് പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.
Photo Courtesy - Google











